കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക കിറ്റുമായി പോലീസ്. മരുന്നു ലഹരിയിലാണോ വാഹനമോടിക്കുന്നതെന്ന് തിരിച്ചറിയാന്‍ രണ്ടുമാസത്തിനകം കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നടപ്പിലാക്കും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പരിശോധന നടപ്പാക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രത്ത് അനലൈസര്‍ പരിശോധനവഴി പോലീസ് പിടികൂടുന്നുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. ഇതുമുതലാക്കി മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കോട്ടയം മുന്‍ ജില്ലാ പോലീസ് മേധാവി എന്‍ രാമചന്ദ്രന്‍ എഴുതിയ കത്തില്‍ സ്വമേധയാ എടുത്ത കേസിലാണു ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ സംവിധാനം എത്രയും പെട്ടെന്നു നടപ്പാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിരുന്നു.
പരിശോധനയ്ക്കുള്ള കിറ്റ് വാങ്ങാനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചുകഴിഞ്ഞെന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഗുജറാത്ത് പോലീസ് ഉപയോഗിക്കുന്ന ആബണ്‍ കിറ്റ്സ് സംവിധാനമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 11,000 രൂപ വില വരും ഈ കിറ്റിന്. ഇത് ഒരുതവണയേ ഉപയോഗിക്കാനാവൂ. എന്നാല്‍ 500-600 രൂപയക്കു ലഭ്യമാക്കാമെന്നു വിതരണക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.