ഏഴിമല നാവിക അക്കാദമിയുടെ മുകളില്‍ ഡ്രോണ്‍; ഭീകര വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമിയുടെ മുകളില്‍ ഡ്രോണ്‍. അതീവ സുരക്ഷാ മേഖലയായ ഇവിടെ ഡ്രോണ്‍ കണ്ടെന്ന അക്കാദമിയുടെ പരാതിയില്‍ ഭീകരവിരുദ്ധ സേന അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 27ന് രാത്രി പത്ത് മണിയോടെയാണ് ഏഴിമല നാവിക അക്കാദമിയുടെ മുകളിലൂടെ ഡ്രോണ്‍ പറന്നത്. എട്ടിക്കുളം ഗേറ്റിന്റെ ഭാഗത്ത് നിന്നാണ് നാവിക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള കടല്‍ തീരത്തും മറ്റും ഡ്രോണ്‍ എത്തിയത്.
ഒരു ഡ്രോണ്‍ മാത്രമാണ് ശ്രദ്ധയില്‍ പെട്ടത്. ഇതോടെ നാവിക അക്കാദമി ലഫ്റ്റനന്റ് കമാണ്ടന്റ് പ്രഞ്ചാല്‍ ബോറ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമിയുടെ പരിസരത്ത് ഡ്രോണ്‍ പറത്തിയത് ഗൗരവമായി തന്നെയാണ് പോലീസ് കാണുന്നത്.
കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ സേന നാവിക അക്കാദമിയിലെത്തി പരിശോധന നടത്തി. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ഹെലികാം കൈവശമുള്ളവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.