സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ; ഡ്രൈവ് ഇന്‍ സിനിമ ഇനി കേരളത്തിലും ആസ്വദിക്കാം
ലോക്ക് ഡൗണിൽ തിയേറ്ററുകൾ പൂട്ടിയതോടെ മൊബൈല്‍ ഫോണിലും ടിവിയിലും സിനിമകണ്ട് ആസ്വദിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ഇതാ കോവിഡിനെ പേടിക്കാതെ സാമൂഹിക അകലം പാലിച്ച് കുടുംബത്തോടൊപ്പം സുരക്ഷിതമായി സിനിമ കാണാനുള്ള അവസരം വരികയാണ്. തിയറ്റര്‍ പ്രതീതിയില്‍ സിനിമ കാണാന്‍ സാധിക്കുന്ന ഡ്രൈവ് ഇന്‍ സിനിമ കേരളത്തിലും എത്തുകയാണ്.
തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്‍റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ശബ്ദവും എത്തിക്കും. ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്ബനിയാണ് കേരളത്തിലേക്കും ഡ്രൈവ് ഇന്‍ സിനിമയുമായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍- നിവിന്‍ പോളി- നസ്റിയ ടീമിന്റെ സൂപ്പര്‍ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്സ് ആണ് ഉദ്ഘാടന ചിത്രം.കൊച്ചിയില്‍ ഈ മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം.