തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് പതാക ഉയര്‍ത്താന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചുവെങ്കിലും പതാക ഉയര്‍ന്നില്ല. പല തവണ ശ്രമിച്ചുവെങ്കിലും പതാക ഊര്‍ന്ന് താഴേക്ക് വന്നു. ഇതോടെ നേതാക്കള്‍ സേവാദള്‍ പ്രവര്‍ത്തകരോട് കയര്‍ത്തു സംസാരിച്ചു.
ഒരു പതാക കെട്ടാന്‍ പോലും അറിയാത്തവര്‍ എന്ത് സേവാദള്‍ പ്രവര്‍ത്തകരാണെന്ന വിമര്‍ശനമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ ഉയര്‍ത്തിയത്. പതാക താഴ്ത്തിയിടുന്നത് ഉചിതമല്ലെന്നൂം അഴിച്ചുമാറ്റാനും നേതാക്കള്‍ നിര്‍ദേശിച്ചു.
ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ സേവാദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതും വിവാദമായി. മാധ്യമങ്ങള്‍ എന്തുപിഴച്ചു, അവരെ എന്തിന് തടയണമെന്ന് ചോദിച്ച് നേതാക്കളും രംഗത്തെത്തി. ഒടുവില്‍ പതാക ഉയര്‍ത്താതെ പാര്‍ട്ടി സ്ഥാപക ദിനം ആചരിച്ച് നേതാക്കള്‍ മടങ്ങി.