ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കുന്നതിൽ ഏറെയും. ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാം.
വാട്ട്സ്ആപ്പ് ബീറ്റാ ഇൻഫോ വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായി ചുരുക്കം ചിലർക്കാണ് ഈ ഫീച്ചർ ലഭിക്കുക. വാട്ട്സ്ആപ്പ് ബീറ്റ ആൻഡ്രോയിഡ് 2.22.20.9 ലാണ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സെറ്റിങ്സ് മാറ്റാൻ എളുപ്പമാണ്. ഇതിനായി വാട്ട്സ്ആപ്പ് സെറ്റിങ്‌സിൽ പ്രൈവസി സെക്ഷൻ എടുക്കുക. Last Seen and Online എടുക്കുക. Everyone, Same as Last seen എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. ഇതിൽ Everyone കൊടുത്താൽ ഓൺലൈനിൽ ഉള്ളത് എല്ലാവർക്കും കാണാൻ കഴിയും.
Same as Last Seen തിരഞ്ഞെടുത്താൽ ലാസ്റ്റ് സീൻ സ്റ്റാറ്റസ് കാണാൻ കഴിയുന്നവർക്കെല്ലാം ഓൺലൈൻ സ്റ്റാറ്റസ് കാണാം. ഓൺലൈനിലുള്ളത് ആരും അറിയേണ്ട എങ്കിൽ ലാസ്റ്റ് സീൻ Nobody കൊടുത്ത് ഓൺലൈൻ സ്റ്റാറ്റസ് Same as Last seen കൊടുക്കുക. നിലവിൽ ഈ സെറ്റിങ്സ് എല്ലാവർക്കും ലഭ്യമായിട്ടില്ല.
ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ വാട്ട്സ്ആപ്പിന്‍റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.വാബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം. തീയതി തെരഞ്ഞെടുത്താൽ പിന്നെ അന്നെ ദിവസം വന്ന മെസെജുകളെല്ലാം കാണാനുമാകും.
നിലവില്‍ നേരത്തെ അയച്ച ഒരു ചാറ്റ് കണ്ടെത്തണമെങ്കിൽ പഴയ ചാറ്റ് സ്ക്രാൾ ചെയ്യണം. അതിനാണ് ഈ ഫീച്ചർ വരുന്നതോടെ അവസാനമാകുന്നത്. ഈ ഫീച്ചർ കൊണ്ടുവരാനുള്ള ശ്രമം രണ്ടു കൊല്ലം മുൻപേ ആരംഭിച്ചിരുന്നുവത്ര. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ടു നിർത്തിവെയ്ക്കുകയായിരുന്നു.
നിലവിൽ വാട്ട്സ്ആപ്പ് ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിലെ അപ്‌ഡേറ്റിനൊപ്പം വാട്ട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.