അടുത്ത രണ്ടാഴ്ച വേദനാജനകം; അമേരിക്കയില്‍ രണ്ടര ലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: അടുത്ത രണ്ടാഴ്ച ഏറ്റവും വേദനാജനകമാകുമെന്നും കൊവിഡ് വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ടരലക്ഷം ആളുകളെങ്കിലും മരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡുമായി ബന്ധപ്പെട്ട ദൈനംദിന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ രണ്ടാഴ്ച ഏറ്റവും മോശമാകും. ചിലപ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഈ മോശം അവസ്ഥ മൂന്നാഴ്ചവരെ നീണ്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കൊറോണ വൈറസ് മൂലം 100,000 മുതല്‍ 2,40,000 വരെ മരണങ്ങള്‍ വരെ ഉണ്ടായേക്കാമെന്നു വൈറ്റ്‌ഹൈസ് വൃത്തങ്ങള്‍ കണക്കാക്കുന്നു. ഓരോ അമേരിക്കക്കാരനും വരാനിരിക്കുന്ന ദുഷ്‌കരമായ ദിവസങ്ങള്‍ക്കായി തയാറാകണമെന്ന് അദ്ദേഹം ആഭ്യര്‍ഥിച്ചു. യാത്രകള്‍ ഒഴിവാക്കാനും റസ്റ്റോറന്റുകളില്‍ പോകരുതെന്നും വീട്ടിലിരിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 865 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകള്‍ മരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി. ഇതിനിടെ മരണ സംഖ്യയില്‍ ചൈനയെ അമേരിക്ക പിന്നിടുകയും ചെയ്തു. രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇതുവരെ 3,305 പേരാണ് മരിച്ചത്. ഇറ്റലിയും സ്‌പെയിനുമാണ് അമേരിക്കയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍. ഇറ്റലിയില്‍ 12,428 പേരും സ്‌പെയിനില്‍ 8,464 പേരും മരിച്ചു.