ടെസ്‌ല പ്ലാന്റ് ഇന്ത്യയിൽ തുടങ്ങുന്നത് അമേരിക്കയോടുള്ള അനീതി; മസ്‌കിനെ അതൃപ്തി അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിന്റെ സൂചന നല്‍കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടെസ്‌ല ഇന്ത്യയിലെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍, ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കാനുള്ള ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തൃപ്തനല്ലെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ടെസ്‌ല സി.ഇ.ഒ. ഇലോണ്‍ മസ്‌കും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിന് നല്‍കിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇറക്കുമതി തീരുവ ലാഭിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാന്റ് നിര്‍മിക്കുന്നത് അങ്ങേയറ്റം അന്യായമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിലേക്കുള്ള കാറുകളുടെ ഇറക്കുമതി തീരുവ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച് വ്യാപാര കരാറുകളുമായി മുന്നോട്ട് പോകാമെന്ന് നരേന്ദ്ര മോദി സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുകയെന്നത് പ്രായോഗികമായി അസാധ്യമാണ്. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇറക്കുമതി തീരുവയുടെ പേരില്‍ അമേരിക്കയെ മുതലെടുക്കുകയാണെന്നും ട്രംപ് പറഞ്ഞു. മസ്‌ക് ഇന്ത്യയില്‍ പ്ലാന്റ് നിര്‍മിക്കുന്നതില്‍ ഞങ്ങള്‍ എതിര്‍പ്പൊന്നുമില്ല. എന്നാല്‍, ഇത് അമേരിക്കയോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനീതിയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ ഈ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനത്തില്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടെസ്‌ല ഇന്ത്യയില്‍ എത്താന്‍ മുമ്പുതന്നെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവയായിരുന്നു അതിനുള്ള പ്രധാന തടസം. ഉയര്‍ന്ന നികുതി നയത്തെ മസ്‌ക് വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആഭ്യന്തര വാഹന നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മസ്‌ക്കിന്റെ വിമര്‍ശനം.
എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തോടെ ടെസ്‌ല ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഉത്പാദനം തുടങ്ങുംമുമ്പേ ഇറക്കുമതി ചെയ്ത കാറുകള്‍ വിപണിയിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഡല്‍ഹിയിലും മുംബൈയിലും ഷോറൂമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ 13 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായി ലിങ്ക്ഡ് ഇന്‍ പേജിലൂടെ അറിയിപ്പ് പുറത്തുവന്നിരുന്നു.
ഇറക്കുമതി ചെയ്യുന്ന 40,000 ഡോളറിനു മുകളില്‍ വിലയുള്ള കാറുകളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇന്ത്യന്‍ വിപണി പ്രവേശത്തിന് ടെസ്ല ഏറെ നാളായി ഈ ആവശ്യം ഉന്നയിച്ചു വന്നിരുന്നതാണ്. ഇതിനൊപ്പം ഭാവിയില്‍ ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനായി 500 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സന്നദ്ധരായിട്ടുള്ള കമ്പനികള്‍ക്ക് ഇറക്കിമതി തീരുവ 15 ശതമാനമായി കുറിച്ച് നല്‍കുമെന്നും ഇന്ത്യയുടെ പുതിയ ഇലക്ട്രിക് വാഹന നയത്തില്‍ പറഞ്ഞിരുന്നു.