തെലങ്കാന: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ചേരികള്‍ മറയ്ക്കാന്‍ മതില്‍ക്കെട്ടുന്ന മോദി സര്‍ക്കാരിന്റെ നടപടി വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിന്നു. ഇതിനിടെ ഏറെ കൗതുകമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ട്രംപിനായി വിഗ്രഹം നിര്‍മിച്ച് നിത്യ പൂജ നടത്തുന്ന ഒരു ഭക്തന്റെ കഥയാണ് പുറത്ത് വന്നിരിക്കുന്നത്. തെലങ്കാനയിലെ ജാംഗാവോണ്‍ നിവാസിയാണ് ട്രംപ് ഭക്തനായ ബുസ കൃഷ്ണ. വീടിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ട്രംപിന്റെ ആറടി ഉയരം വരുന്ന വിഗ്രഹത്തില്‍ നിത്യപൂജ, ട്രംപിന്റെ ദീര്‍ഘായുസിനായി എല്ലാ വെള്ളിയാഴ്ചയും വ്രതം, പേഴ്സില്‍ ട്രംപിന്റെ ഫോട്ടോ ഇങ്ങനെ നീളുന്നു ബുസയുഡെ ആരാധന. ‘ഇന്ത്യ-അമേരിക്ക ബന്ധം ശക്തമായി പോകണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ (ട്രംപിന്റെ) ദീര്‍ഘായുസിനായി ഞാന്‍ എല്ലാ വെള്ളിയാഴ്ചയും വ്രതമെടുക്കാറുണ്ട്.’-ബുസ പറയുന്നു.
ട്രംപിനോടുള്ള അമിതാരാധന കാരണം പ്രദേശവാസികള്‍ ബുസ കൃഷ്ണയെ വിളിക്കുന്നത് ട്രംപ് കൃഷ്ണയെന്നാണ്. ഡോണള്‍ഡ് ട്രംപിനെ നേരില്‍ കാണണമെന്നാണ് ബുസയുടെ ആഗ്രഹം. ഈ ആഗ്രഹം ബുസ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഫെബ്രുവരി 24ന് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍ എത്തും.