ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി, സിലിണ്ടറിന് 50 രൂപയുടെ വർധന
കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു.
ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ. യുഎസ് കറൻസിക്കെതിരെ 79.37 നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്.
കുത്തനെ കൂടുന്ന വ്യാപാര കമ്മിയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. 2021 ജൂണിനെ അപേക്ഷിച്ച് 62ശതമാനമാണ് വ്യാപാര കമ്മിയിലുള്ള വർധന. 2022 ജൂണിലെ കണക്കുപ്രകാരം 25.6 ബില്യൺ ഡോളറായാണ് കമ്മി ഉയർന്നത്.
വൻതോതിൽ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകുന്നതിനാൽ കനത്ത സമ്മർദ്ദമാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടർവർഷത്തിൽ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയിൽനിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിൻവലിച്ചുകഴിഞ്ഞു.
2022 മൂന്നാം പാദമാകുമ്പോഴേയ്ക്കും രൂപയുടെ മൂല്യം 82 നിലവാരത്തിലേയ്ക്ക് താഴാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രൂപയുടെ മൂല്യമിടിവ് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ശ്രമംനടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രതിഫലനം അതുകൊണ്ട് ഉണ്ടാകുന്നില്ല.