ലഖ്നൗ: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ തിന്നുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 20 സെക്കന്റ് നീളുന്ന വീഡിയോ പ്രചരിച്ചതോടെ, സര്‍ക്കാരിന്റെ അലംഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കരണ്ടു തിന്നത്. റോഡപകടത്തില്‍ പെട്ട് പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ആശുപത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ സ്ട്രെച്ചറില്‍ തുണി കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ട്രെച്ചറിന്റെ മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച് മൃതദേഹം തെരുവുനായ കരണ്ടു തിന്നുന്നതാണ് വീഡിയോയിലുള്ളത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.
ഒന്നര മണിക്കൂറോളം മൃതദേഹം അശ്രദ്ധമായി സൂക്ഷിച്ചതായി കുട്ടിയുടെ അച്ഛന്‍ ചരണ്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ തെരുവുനായശല്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങളെ ഏല്‍പിച്ചതായും പോസ്റ്റ് മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നെന്ന് അധികൃതര്‍ പറയുന്നു.
കൊണ്ടു പോകുന്നതിനിടെ മൃതദേഹം വെച്ചിരുന്ന സ്ഥലത്ത് നായ എത്തിയതാവാമെന്നും ഡോക്ടര്‍ സുശീല്‍ വര്‍മ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഒരു തൂപ്പുകാരനേയും വാര്‍ഡ് ബോയിയേയും സസ്പെന്‍ഡ് ചെയ്തതായും അന്വേഷണസമിതി രൂപീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
संभल में स्वास्थ्य सेवाओं की रोंगटे खड़े कर देने वाली खौफनाक तस्वीर आई सामने।जिला अस्पताल में स्वास्थ्य कर्मियों की लापरवाही की वजह से स्ट्रेचर पर रखे बच्ची के शव को कुत्तों ने नोच कर खाया। जांच करा लापवाही बरतने वालों के खिलाफ हो सख्त कार्रवाई। शोकाकुल परिवार के प्रति संवेदना! pic.twitter.com/3tgEHCTQpb
— Samajwadi Party (@samajwadiparty) November 26, 2020