ജയ്പൂര്‍: കാറിന്റെ പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്നതിന്റെ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിൽ കെൽവ പ്രദേശത്താണ് മീറ്ററുകളോളം നായയെ കാറിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. പ്രതിഷേധം ശക്തമായതോടെ മൃഗസംരക്ഷണ നിയമപ്രകാരം കാറിന്റെ ഉടമസ്ഥൻ ബാബു ഖാൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.
തന്റെ വീട്ടിലെ ഗാരേജിൽ തെരുവുനായയുടെ ജഡം കണ്ടെടുത്തതിനെ തുടർന്ന് അത് ഉപേക്ഷിക്കാൻ കാറിന് പിന്നിൽ കെട്ടി വലിച്ചു കൊണ്ടുപോയതാണെന്നും, ആ സമയത്തു ആരോ ഈ വീഡിയോ ഷൂട്ട് ചെയ്തതെന്നുമാണ് ബാബു ഖാൻ പോലീസിനോട് പറഞ്ഞത്. എന്നാൽ കാറിന് പിന്നിൽ കെട്ടിവലിക്കുന്ന സമയത്ത് നായയ്ക്ക് ജീവനുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തടയാന്‍ ശ്രമിച്ചവരെ ബാബു ഖാന്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റ് ചെയ്ത ബാബു ഖാനെ കോടതി പീന്നിട് ജാമ്യത്തില്‍ വിട്ടു.
വെളളിയാഴ്ച രാത്രി ശോഭഗ്പുര പ്രദേശത്ത് നിന്നു നായയുടെ ജഡം കണ്ടെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടാണ് നായ ചത്തതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കാറിന് പിന്നിൽ വളരെയധികം ദുരം വലിച്ചു കൊണ്ട് പോയപ്പോഴാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും, ബാബു ഖാനെതിരെ ഉടൻ തന്നെ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കുമെന്നു കെൽവ പൊലീസ് ഓഫീസർ അറിയിച്ചു.