തിരുവനന്തപുരം: അവശനിലയിലാകുന്ന നായ്ക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍. അവശനിലയില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വലിയ വില കൊടുത്ത് നായ്ക്കളെ വാങ്ങി അവയ്ക്ക് പ്രായത്തിന്റെ അവശതകള്‍ എത്തുമ്പോള്‍ അവയെ പെരുവഴിയില്‍ തള്ളുന്ന കാഴ്ചയാണ് പതിവായി കാണുന്നത്. നായ ഉടമകളുടെ ഈ നീച പ്രവര്‍ത്തി അവസാനിപ്പിക്കാന്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ചിപ് ഘടിപ്പിക്കുന്ന സംവിധാനമാണ് സംസ്ഥാനത്ത് പ്രാവര്‍ത്തികമാകുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്യുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.
നായ്ക്കളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ചിപ്പിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമസ്ഥന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന രീതിയിലാണ് സംവിധാനം നടപ്പിലാക്കുക. വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും ചിപ് ഘടിപ്പിക്കുക. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് 500 രൂപയും വില്‍പന നടത്തുന്ന ബ്രീഡര്‍ നായ്ക്കള്‍ക്ക് 1000 രൂപയുമാണ് ഇതിനായി ഫീസ് ഈടാക്കുക. സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം കോര്‍പറേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.