ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സാധു ജനങ്ങള്‍ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായം; ഡോക്ടറുടെ കുറിപ്പ് വൈറല്‍
അലര്‍ജി എന്താണെന്ന് ഒരു ഗൂഗിള്‍ വിശദീകരണത്തിന്റെ തര്‍ജമയും കുറച്ച് ചിത്രങ്ങളും കുറേ ഫോണ്‍നമ്പറുമായി പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തിനെതിരെ തുറന്നടിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സാധു ജനങ്ങള്‍ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായമെന്ന് ഡോ. ഷിംന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ഇടവിട്ടുള്ള പനിക്ക് പാരസെറ്റമോള്‍ മാത്രം കഴിച്ച് ഡോക്ടറെ കാണുകയോ ചികിത്സിക്കുകയോ ചെയ്യാതെ ഒരു ലാബിലുള്ള ആവശ്യമുള്ളതും ഇല്ലാത്തതുമായ സകല ടെസ്റ്റും ചെയ്ത് വന്ന ഒരു മുപ്പത്തൊന്ന് വയസ്സുകാരനെ കണ്ടു. ആദ്യം വൈറല്‍ ഫീവറും പിന്നീട് അതിന് പിന്നാലെ വന്ന ടോണ്‍സിലൈറ്റിസും ആയിരുന്നു. ചെറുതല്ലാത്തൊരു സംഖ്യ ലാബിന് നല്‍കിയായിരുന്നു വരവ്. കാര്യങ്ങള്‍ പറഞ്ഞ് കൊടുത്ത് വിട്ടു, വല്ലതും മനസ്സിലായോ എന്തോ.
തൊട്ടപ്പുറത്തുള്ള അസ്ഥിരോഗവിഭാഗം ഓപി ആണെന്ന് കരുതി മാറിക്കയറിയ രോഗി. ഡോക്ടറെ കാണുന്നതിന് മുന്നേ മടമ്പ് വേദനക്ക് MRI സ്‌കാന്‍ ചെയ്ത് വന്ന പതിനെട്ടുകാരിയാണ് ആള്‍. മടമ്പില്‍ കാന്‍സറാണോ എന്ന് സംശയമായിരുന്നത്രേ. പുള്ളിക്കാരിക്ക് മടമ്പിനടുത്തൂടെ പോകുന്ന ഒരു ടെന്റന് ചുറ്റും നീര് വന്നതായിരുന്നു. രണ്ടു ഗുളികേം ഒരു ഓയിന്റ്മെന്റ് തേച്ച് ചൂട് പിടിക്കലും മാത്രം വേണ്ട സംഗതി. MRI എടുത്ത് കൊടുത്തവര്‍ക്ക് നമസ്‌കാരം പറഞ്ഞു കൊണ്ട് കൊച്ചിനെ അപ്പുറത്തെ ഓപിയിലേക്ക് പറഞ്ഞ് വിട്ടു.
ദേ ഇവിടെ, താഴെ കാണുന്നത് ഇന്നത്തെ മനോരമയുടെ മലപ്പുറം എഡിഷന്‍ ഫ്രണ്ട് പേജ്. വേറെ ഡോക്ടര്‍മാരുടെ പോസ്റ്റുകളില്‍ നിന്നും ഇത് സകല പത്രങ്ങളിലുമുള്ള ഒരു അഖിലകേരള പ്രതിഭാസമാണെന്ന് മനസ്സിലായി.
അലര്‍ജി എന്താണെന്ന് ഒരു ഗൂഗിള്‍ വിശദീകരണത്തിന്റെ തര്‍ജമയും കുറച്ച് ചിത്രങ്ങളും കുറേ ഫോണ്‍നമ്പറും ഒക്കെയുണ്ട്. പിന്നെ, ‘ഒരു ലാബ് ജീവന്‍ രക്ഷിച്ചു’ എന്ന സാക്ഷ്യപത്രവും. വെറുതേ കേറിച്ചെന്ന് മൂവായിരം കൊടുത്താല്‍ അലര്‍ജി മൊത്തം അവര് കണ്ടെത്തും എന്നവകാശം. ഇത്രേം കാശ് കൊടുത്ത് ഇജ്ജാതി പരസ്യം ചെയ്യുന്നുണ്ടെങ്കില്‍ അത്രയും സാധു ജനങ്ങള്‍ ഈ കച്ചവടത്തിന് തല വെക്കും എന്ന് കട്ടായം. എന്തിനാണോ !
രോഗിയെ ഡോക്ടര്‍ പരിശോധിച്ച് അലര്‍ജിയുണ്ടോ എന്ന് സംശയം തോന്നുകയോ, രോഗനിര്‍ണയം നടത്തിക്കഴിഞ്ഞ ശേഷം അലര്‍ജിയുടെ വിശദാംശങ്ങള്‍ അറിയണമെങ്കിലോ മാത്രമേ ഇത്തരം പരിശോധനകള്‍ വേണ്ടൂ. അല്ലാതെ, രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് പോലെ നാട്ടുകാരെ മൊത്തം നിരത്തി നിര്‍ത്തി അലര്‍ജി നിര്‍ണയപരിശോധന നടത്തുന്നത് അനാവശ്യമാണ്, അനാവശ്യം മാത്രമാണ്.
ഒരു മെഡിക്കല്‍ പരിശോധനയും അതിന്റെ റിപ്പോര്‍ട്ട് കണ്ടാല്‍ രോഗം നിര്‍ണയിക്കാനോ ചികിത്സിക്കാനോ യോഗ്യതയില്ലാത്തൊരാള്‍ സ്വന്തം ഇഷ്ടത്തിന് പോയി ചെയ്യേണ്ട ആവശ്യമില്ല. സ്വന്തം ബിപിയും ബ്ലഡ് ഷുഗറുമൊക്കെ വീട്ടില്‍ വെച്ച് കൃത്യമായി ട്രാക്ക് ചെയ്ത് എഴുതി വെക്കുന്ന രോഗികള്‍ ഇത് ഉത്തരവാദിത്വത്തോടെ ഡോക്ടറെ വന്ന് കാണിച്ച് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത് പോലെയല്ല വെറുതേ ഒരു ലാബില്‍ കേറി ചെന്ന് മൂവായിരം കൊടുക്കുന്നത്. ഇത് പണമുണ്ടാക്കല്‍ മാത്രം ഉദ്ദേശിച്ചുള്ള തട്ടിപ്പാണ്.
എന്നിട്ട് ഈ റിപ്പോര്‍ട്ടുമായി ഗൂഗിളില്‍ കയറും, സ്വയം രോഗം നിര്‍ണയിക്കും, മാരകരോഗമാണെന്ന് കരഞ്ഞ് നിലവിളിച്ചോണ്ട് ഓപിയില്‍ കേറി വരും.
സ്ഥിരം കാണാറുള്ള ഒരു സീന്‍ പറഞ്ഞോണ്ട് നിര്‍ത്താം. കക്ഷത്തിലെ മുഴ ‘സ്തനാര്‍ബുദം’ എന്ന് ഗൂഗിള്‍ വഴി കണ്ടെത്തി കാന്‍സറിനുള്ള ടെസ്റ്റുകള്‍ എഴുതി തരൂ എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് വരുന്ന രോഗി. ഡോക്ടര്‍ പരിശോധിക്കുന്നു. രോഗി പറഞ്ഞ ലക്ഷണം തീര്‍ച്ചയായും വിദഗ്ധപരിശോധന വേണ്ടത് തന്നെയാണല്ലോ.
നോക്കുമ്പോള്‍, അത് കക്ഷത്തിലെ രോമം വടിച്ചപ്പോള്‍ മുറിഞ്ഞത് കാരണം അണുബാധയുണ്ടായി കഴല (ലിംഫ് നോഡ്) വലുതായതാണ്. രോഗിയുടെ ടെന്‍ഷന്‍ അവിടെ തീര്‍ന്നു. ഇനി മറുവശത്ത് കാന്‍സര്‍ ആയിരുന്നെങ്കിലും വേണ്ടത് ഡോക്ടര്‍ ചെയ്തേനെ.
ശുഭം !