26.6 C
Kottayam
Saturday, May 11, 2024

ശമ്പളമില്ല; ജീവിതച്ചെലവിനായി ഓട്ടോ ഓടിച്ച് ഒരു ഡോക്ടർ

Must read

ബല്ലാരി: കൊവിഡ് പ്രതിസന്ധിക്കിടെ വരുമാനത്തിനായി ഓട്ടോ ഓടിച്ച് ഒരു മുതിര്‍ന്ന ഡോക്ടര്‍. ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെടുന്നതിനിടെ കര്‍ണാടകയില്‍ നിന്നാണ് ഈ വാര്‍ത്ത. ബല്ലാരി ജില്ലാ ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസറായിരുന്ന ഡോ. എം.എച്ച്. രവീന്ദ്രനാഥാണ് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ജീവിതച്ചെലവിനായി ഓട്ടോ ഓടിക്കുന്നത്.

ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് തന്റെ അവസ്ഥയ്ക്കുകാരണമെന്ന് രവീന്ദ്രനാഥ് ആരോപിക്കുന്നു. രവീന്ദ്രനാഥ് ചുമതലയിലിരിക്കേ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ സാങ്കേതിക പിശകു സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തന്റെ പിഴവല്ലെന്നു രവീന്ദ്രനാഥ് തെളിയിച്ചെങ്കിലും കഴിഞ്ഞവര്‍ഷം ജൂണ്‍ ആറിന് സസ്‌പെന്‍ഷനിലായി.

ഇതേത്തുടര്‍ന്ന് കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ (കെ.എ.ടി.) പരാതി നല്‍കി. തുടര്‍ന്ന് രവീന്ദ്രനാഥിനെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാരിന് കെ.എ.ടി. നിര്‍ദേശം നല്‍കി. ഡിസംബറില്‍ കലബുറഗിയിലെ സെദാം ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി രവീന്ദ്രനാഥിനെ നിയമിച്ചു.

തരംതാഴ്ത്തലായിരുന്നെങ്കിലും ജോലിക്ക് ഹാജരാവാന്‍ തീരുമാനിച്ചു. ഇതിനിടെ ജില്ലാതലത്തിലുള്ള ആശുപത്രിയില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എ.ടി.യെ സമീപിച്ചു. തുടര്‍ന്ന് ഒരു മാസത്തിനകം ജില്ലാതലത്തിലുള്ള ആശുപത്രിയില്‍ നിയമിക്കണമെന്ന് കെ.എ.ടി. ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും ഉത്തരവ് ഉദ്യോഗസ്ഥര്‍ അവഗണിച്ചതായി രവീന്ദ്രനാഥ് പറഞ്ഞു. ഇതുവരെ നിയമനം ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week