തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി. ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചതായാണ് ആരോപണം. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ ആദ്യ ആഴ്ചയില്‍ മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ജോസഫ് പോള്‍ കൂര്‍ക്കഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്നും ഉടന്‍ ശസ്ത്രക്രിയക്കു വിധേയനാകണമെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ ശസ്ത്രക്രിയക്കുവേണ്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. ഏപ്രില്‍ 25-ാം തീയതി ഡോ.പോളി ടി.ജോസഫിനെ കാണുകയും അദ്ദേഹം ഓപ്പറേഷന്റെ തീയതി തീരുമാനിക്കുകയും ചെയ്തു. മേയ് അഞ്ചിനാണ് പോളി ടി.ജോസഫിന്റെ നേതൃത്വത്തില്‍ താന്‍ ശസ്ത്രക്രിയക്കു വിധേയനായതെന്ന് പരാതിക്കാരന്‍ പറയുന്നു.
മേയ് അഞ്ചിനു രാവിലെ 11.30 നു ഓപ്പറേഷനു കയറ്റി വൈകീട്ട് 5.30 നാണ് ശസ്ത്രക്രിയ അവസാനിച്ചത്. മേയ് 12 നു വീണ്ടും ഒരു ശസ്ത്രക്രിയക്കു കൂടി വിധേയനാകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായും അതനുസരിച്ച് രണ്ടാമതും ശസ്ത്രക്രിയ ചെയ്തതായും പരാതിയില്‍ പറയുന്നു.
മേയ് 30 വരെ ആശുപത്രില്‍ തുടര്‍ന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് വീണ്ടും സ്‌കാനിങ് നടത്തി. വയറിനുള്ളില്‍ പഴുപ്പുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉടന്‍ അഡ്മിറ്റ് ആകണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും സംശയം നിമിത്തം പരാതിക്കാരന്‍ അഡ്മിറ്റായില്ല.
പിന്നീട് ഒരു സ്വകാര്യ ലാബില്‍ പോയി എക്സറേയെടുത്തു. അപ്പോഴാണ് വയറിനുള്ളില്‍ കത്രികയുള്ളതായി കുടുംബം അറിയുന്നത്. പിന്നീട് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പോയി സിടി സ്‌കാന്‍ ചെയ്തപ്പോഴും കത്രിക വയറിനുള്ളില്‍ കിടക്കുന്നതായി അറിയാന്‍ സാധിച്ചു. അശ്വിനി ആശുപത്രിയില്‍വച്ച് വീണ്ടും ശസ്ത്രക്രിയക്കു വിധേയനാകുകയും കത്രിക പുറത്തെടുക്കുകയും ചെയ്തതായി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇക്കാര്യം ഡോ.പോളിയെ അറിയിച്ചപ്പോള്‍ ശസ്ത്രക്രിയക്കിടെ ഇങ്ങനെയെല്ലാം സംഭവിക്കുന്നത് സ്വാഭാവികമാണെന്ന തരത്തില്‍ മോശം പ്രതികരണമാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു. ഇന്നലെയാണ് ഇവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മുന്‍പാകെ തങ്ങള്‍ പരാതി നല്‍കിയതായും ജോസഫ് പോളിന്റെ കുടുംബം പറഞ്ഞു.