പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കം ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. സാമ്പിളുകള്‍ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. നടപടികൾ പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും.
അതേസമയം കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പരിശോധന തുടങ്ങി. നരബലി ആസൂത്രണം ചെയ്യാൻ ഷാഫി തയ്യാറാക്കിയ ശ്രീദേവി എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ മൂന്ന് വർഷത്തെ സംഭാഷണങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. നൂറിലേറെ പേജുകളിലായി നീളുന്ന സംഭാഷണത്തിൽ നരബലിയടക്കം നടത്തേണ്ടതിന്‍റെ ആവശ്യവും നേട്ടവുമെല്ലാം ഷാഫി വിശദീകരിക്കുന്നുണ്ട്.
ഇതേ അക്കൗണ്ടിലൂടെ മറ്റ് ആരെയെങ്കിലും ഇയാൾ സമീപിച്ചിരുന്നോ എന്നതും അന്വേഷിക്കുകയാണ്. സൈബർ വിദഗ്ധരുടെ സഹായം ഇതിനായി ചോദ്യം ചെയ്യലിൽ ഉപയോഗിക്കും. 12 ദിവസത്തെ കസ്റ്റഡി കാലയളവിൽ പ്രതികൾ കൂടുതൽ പേരെ ഇരകളാക്കിയിട്ടുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ ഇന്ന് കൊച്ചിയിൽ യോഗം ചേർന്ന് പ്രത്യേക സംഘം തയ്യാറാക്കി.
അന്വേഷണ ചുമതലയുള്ള ഡിസിപി എസ് ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ആലുവ പെരുമ്പാവൂര്‍ മേഖലയിലെ കേസിന് മേൽനോട്ടം വഹിക്കുക റൂറൽ എസ്പി വിവേക് കുമാറും എ എസ്‍പി ആനൂജുമായിരിക്കും. പ്രദേശത്ത് ദീർഘകാലം ഷാഫി താമസിച്ചിരുന്നു. 2020 ൽ വൃദ്ധയെ ബലാത്സംഗം ചെയ്തത് രഹസ്യഭാഗത്ത് മുറിവേൽപ്പിച്ച കേസിൽ കൂടുതൽ പരിശോധന നടത്തും. കൊലപാതകത്തിന് പിന്നിൽ അവയവ മാഫിയ ഉണ്ടെന്ന ആരോപണം ഉയർന്നെങ്കിലും അക്കാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനാ ഫലം വരുമ്പോള്‍ ഇക്കാര്യം കൂടുതൽ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.
ഇലന്തൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ത്രീകളുടെ തിരോധാനവും പരിശോധിക്കുന്നുണ്ട്. എറണാകുളം, പത്തനംതിട്ട, കോട്ടയം അടക്കമുള്ള മൂന്ന് ജില്ലകളിലെ കേസുകൾ പ്രത്യേകം പരിശോധിക്കാൻ എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.