NationalNews

അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അതിശയപ്പെടുത്തുന്നു;ഹിന്ദി ദേശീയ ഭാഷയാണ് എന്നുളള ട്വീറ്റിനോട് പ്രതികരിച്ച് ദിവ്യ സ്പന്ദന

മുംബൈ: ഹിന്ദി ദേശീയ ഭാഷയാണ് എന്നുളള ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും നടയുമായ ദിവ്യ സ്പന്ദന. അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അമ്പരപ്പിക്കുന്നതാണെന്ന് ദിവ്യ ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി രാജ്യത്തെ ദേശീയ ഭാഷയല്ല എന്നുളള കന്നട നടന്‍ കിച്ച സുദീപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അജയ് ദേവ്ഗണ്‍ രംഗത്ത് വന്നതോടെയാണ് ഭാഷാ വിവാദം ചൂട് പിടിച്ചിരിക്കുന്നത്.

ദിവ്യയുടെ ട്വീറ്റ് ഇങ്ങനെ: ”ഹിന്ദി നമ്മുടെ ദേശീയഭാഷയല്ല. അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ അതിശയപ്പെടുത്തുന്നതാണ്. ഹിന്ദി ഹൃദയഭൂമിയില്‍ കെജിഎഫും പുഷ്പയും ആര്‍ആര്‍ആറും പോലുളള സിനിമകള്‍ നന്നായി സ്വീകരിക്കപ്പെടുന്നു എന്നുളളത് വലിയ കാര്യമാണ്. കലയ്ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ല. നിങ്ങളുടെ സിനിമകള്‍ ഞങ്ങള്‍ ആസ്വദിക്കുന്നത് പോലെ ഞങ്ങളുടേത് നിങ്ങളും ആസ്വദിക്കൂ”. #stophindiImpositio (ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക) എന്നുളള ഹാഷ്ടാഗും ദിവ്യ ഉപയോഗിച്ചിട്ടുണ്ട്.

കര്‍ണാടക തകിന് നല്‍കിയ അഭിമുഖത്തില്‍ കിച്ച സുദീപ് ഹിന്ദി ദേശീയ ഭാഷയല്ല എന്ന് പറഞ്ഞതാണ് വിവാദത്തിന്റെ തുടക്കം. കിച്ച സുദീപിന് മറുപടിയുമായി അജയ് ദേവ്ഗണ്‍ എത്തിയത് ഹിന്ദി ട്വീറ്റുമായാണ്. ഹിന്ദി ദേശീയ ഭാഷ അല്ലെങ്കില്‍ എന്തിനാണ് നിങ്ങളുടെ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് ഇറക്കുന്നത് എന്നാണ് അജയ് ദേവ്ഗണിന്റെ ചോദ്യം. ഹിന്ദി അന്നും ഇന്നും എന്നും തങ്ങളുടെ മാതൃഭാഷയും ദേശീയ ഭാഷയും ആണെന്നും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു.

താന്‍ ഏത് സാഹചര്യത്തിലാണ് അത് പറഞ്ഞത് എന്നുളളത് മനസ്സിലാകാതെയാണ് അജയ് ദേവ്ഗണ്‍ പ്രതികരിച്ചിരിക്കുന്നതെന്നാണ് കിച്ച സുദീപ് നല്‍കിയ മറുപടി. നേരിട്ട് കാണുമ്പോള്‍ അക്കാര്യം വിശദമായി പറഞ്ഞ് തരാമെന്നും ആരെയും വേദനിപ്പിക്കാനോ പ്രകോപിപ്പിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കിച്ച സുദീപ് ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണ്‍ ചെയ്ത ഹിന്ദി ട്വീറ്റ് തനിക്ക് മനസ്സിലായിട്ടുണ്ട്. കാരണം ഹിന്ദി ഭാഷയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ താന്‍ അത് പോലെ കന്നടയില്‍ ആയിരുന്നു മറുപടി നല്‍കിയത് എങ്കില്‍ അജയ് ദേവ്ഗണിന് മനസ്സിലാകുമായിരുന്നോ എന്നും തങ്ങള്‍ ഇന്ത്യയിലല്ലേ എന്നും കിച്ച സുദീപ് ചോദിച്ചു.

തെറ്റിദ്ധാരണ തിരുത്തിയതില്‍ നന്ദി പറഞ്ഞ് അജയ് ദേവ്ഗണ്‍ ട്വിറ്ററിലൂടെ കിച്ച സുദീപിന് മറുപടി നല്‍കി. സിനിമാ വ്യവസായത്തെ ഒന്നായി കാണുന്നുവെന്നും എല്ലാ ഭാഷകളേയും ബഹുമാനിക്കുന്നുവെന്നും മറ്റുള്ളവരും തങ്ങളുടെ ഭാഷയെ ബഹുമാനിക്കണമെന്ന് കരുതുന്നതായും അജയ് ദേവ്ഗണ്‍ ട്വീറ്റ് ചെയ്തു. കാര്യം പൂര്‍ണമായി മനസ്സിലാക്കാതെ പ്രതികരിക്കരുതെന്ന സൂചന നല്‍കിയാണ് കിച്ച സുദീപിന്റെ മറുപടി. മാത്രമല്ല ഈ വിവാദം ഇവിടെ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കിച്ച സുദീപ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button