വഴക്കുകൂടില്ല,അടിയ്ക്കില്ല,സ്‌നേഹിച്ചുകൊല്ലുന്നു,വിവാഹമോചന ഹര്‍ജിയില്‍ യുവതിയുടെ പരാതി കേട്ടാല്‍ ഞെട്ടും
ദുബായ്:ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം,മദ്യപാനം തുടങ്ങി വാട്‌സ് ആപ്പില്‍ ചാറ്റുന്നതുവരെയുള്ള വിവിധ കാരണങ്ങളാണ് വിവാഹ മോചനത്തിനുള്ള കാരണങ്ങളായി ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിയ്ക്കാനൊരുങ്ങുന്ന ഭാര്യമാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വളരെ വിചിത്രമായ വാദവുമായാണ് യുവതി ഫുജൈറയിലെ ഷാര്‍ജാ കോടതിയില്‍ എത്തിയത്.
ഒരു വഴക്ക് പോലും കൂടാത്ത ഭര്‍ത്താവിനെ മടുത്തുവെന്നാണ് യുവതിയുടെ പരാതി. ഭര്‍ത്താവിന്റെ സ്‌നേഹവും അടുപ്പവും സഹിക്കാവുന്നതിലും അപ്പുറമാണെന്ന് യുവതി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. താന്‍ പറയാതെ തന്നെ വീട്ടുജോലികളും അടുക്കളയിലെ പാചകവും ഭര്‍ത്താവ് ചെയ്യുന്നു. അമിതമായ അടുപ്പമാണ് അദ്ദേഹം കാണിക്കുന്നത്. ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല. മാസങ്ങള്‍ നീണ്ട ദാമ്പത്യബന്ധത്തിനിടയില്‍ ഒരിക്കല്‍പ്പോലും അദ്ദേഹം ഒരു വഴക്ക് ഉണ്ടാക്കുകയോ, അനിഷ്ടമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. വഴക്കുണ്ടാക്കാന്‍ വേണ്ടി ചില കാര്യങ്ങള്‍ താന്‍ ചെയ്‌തെങ്കിലും അതെല്ലാം ക്ഷമിച്ച്് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന സമീപനമാണ് ഭര്‍ത്താവില്‍നിന്ന് ഉണ്ടായത്. ഇത് തനിക്ക് ഉള്‍ക്കൊള്ളാകുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു
ഭാര്യ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത് തന്നെ ഞെട്ടിച്ചുവെന്നാണ് ഭര്‍ത്താവിന്റെ പ്രതികരണം. ഭാര്യയുടെ എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങിക്കൊടുക്കരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം തള്ളിക്കളഞ്ഞാണ് അവള്‍ക്കുവേണ്ടി നിന്നത്. ഒരു നല്ല ഭര്‍ത്താവ് ആകാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. ഒരിക്കല്‍ തന്റെ ശരീരഭാരത്തെക്കുറിച്ച് ഭാര്യ പരാതി പറഞ്ഞു. അതിനുശേഷം ഭാരം കുറയ്ക്കാന്‍വേണ്ടി ഭക്ഷണനിയന്ത്രണവും വ്യായാമവും തുടങ്ങി. ഇതിനിടയില്‍ വലത് കാലിന് ഒടിവ് സംഭവിക്കുകയും ചെയ്തു. ഇതെല്ലാം സഹിച്ചത് ഭാര്യയ്ക്കുവേണ്ടിയാണ്.
അതുകൊണ്ടുതന്നെ വിവാഹമോചന കേസ് പിന്‍വലിക്കാന്‍ ഭാര്യയോട് പറയണമെന്നാണ് യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. കേസ് കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയാണ് കോടതി ഇരുവരെയും പറഞ്ഞ് അയച്ചത്. പരിഹാരമുണ്ടായില്ലെങ്കില്‍ വിവാഹമോചനത്തിലേക്ക് നീങ്ങും.