കൊച്ചി: കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാർട്ടി നടപടി. പിറവത്ത് സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറി തങ്കച്ചനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി മേൽക്കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തിൽ പങ്കെടുത്തതിൽ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചൻ പാർട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കെ റെയിൽ സമരത്തിൽ പങ്കെടുത്തത് വാർത്തകളിൽ നിറഞ്ഞതോടെയാണ് നടപടി. ഇന്ന് ചേർന്ന സിപിഐ പിറവം മണ്ഡലം കമ്മിറ്റി യോഗമാണ് തങ്കച്ചനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
പിറവം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് കൺവീനർ കൂടിയാണ് കെസി തങ്കച്ചൻ. ഇദ്ദേഹം ഇടതുമുന്നണി സർക്കാർ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി സമരത്തിന്റെ മുൻനിരയിൽ എത്തിയത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഐ പിറവ൦ മണ്ഡല൦ കമ്മറ്റി തങ്കച്ചനോട് വിശദീകരണം ചോദിച്ചിരുന്നു. മുന്നണി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജുവും വ്യക്തമാക്കിയതോടെ തങ്കച്ചനെതിരെ നടപടി ഉറപ്പാണെന്ന് വ്യക്തമായിരുന്നു. തങ്കച്ചന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി പി രാജു പറഞ്ഞിരുന്നു.
എറണാകുളം ജില്ലയിൽ കെ റെയിൽ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രദേശമാണ് പിറവം മണീട്.ഇവിടത്തെ കല്ലുമാരി മലയുടെ ഒരു ഭാഗം നിരപ്പാക്കിയാകും പദ്ധതി നടപ്പിലാക്കുക. നൂറുക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ സർവ്വെ നടപടികൾക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ രാഷ്ട്രീയ ഭേദമന്യേ പ്രതിരോധം തീർത്ത് ജനം രംഗത്ത് വരികയായിരുന്നു. കോൺഗ്രസ് നേതാക്കൾക്കൊപ്പം സമരത്തിൽ പങ്കെടുത്ത തങ്കച്ചൻ പിറവത്തെ ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്നും സംസ്ഥാന നേതൃത്വത്തോടും ബന്ധപ്പെടുന്നുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.