FeaturedKeralaNews

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത,മത്സ്യബന്ധനത്തിന് അർധരാത്രി മുതൽ വിലക്ക്

തിരുവനന്തപുരം:തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി 2020 മെയ് 31 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി ഒരു ന്യൂനമർദം 2020 മെയ് 29 നോട് കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ 2020 മെയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മൽസ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. മെയ് 28 ന് ശേഷം കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. നിലവിൽ ആഴക്കടൽ, ദീർഘദൂര മൽസ്യബന്ധനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്.

ന്യൂനമർദ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

കടൽ പ്രക്ഷുബ്ധമാകും എന്നതിനാൽ മൽസ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ കണ്ടത്തി കോവിഡ് 19 പശ്ചാത്തലത്തിൽ ‘ഓറഞ്ച് ബുക്ക് 2020’ ലെ മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി വെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷക്കായി മുൻകരുതൽ നിർദേശങ്ങൾ തയ്യാറാക്കി മൽസ്യബന്ധന കേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും പ്രചരിപ്പിക്കാനും ഫിഷെറീസ് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണൽച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ പൊതുവിൽ ശക്തമായ കാറ്റ് മൂലം മരങ്ങൾ കടപൊഴുകി വീഴാനും ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ ഒടിഞ്ഞു വീഴാനും അത് മൂലമുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കേണ്ടതാണ്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആയതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നിർദേശിക്കുന്ന മുറക്ക് മാറിത്താമസിക്കേണ്ടതാണ്.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട് അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker