ദിലീപിനെ പോലെ സിനിമ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന്‍ നിഗത്തിനില്ല; തെറ്റു തിരുത്തണമെന്ന് വിനയന്‍
തിരുവനന്തപുരം: ദിലീപിനെ പോലെ സിനിമാ മേഖല വിലയ്ക്ക് വാങ്ങാനുള്ള ശേഷി ഷെയ്ന് നിഗത്തിനില്ലെന്നും ഷെയ്ന്‍ നിഗം തെറ്റ് തിരുത്തണമെന്നും സംവിധായകന്‍ വിനയന്‍. ഷെയിനിനെ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഉപാധിയില്ലാതെ ഷെയ്ന്‍ സിനിമ പൂര്‍ത്തിയാക്കണമെന്നും വിനയന്‍ പറഞ്ഞു. മുടിവെട്ടി പ്രതിഷേധിച്ചതും താരജാഡയും അംഗീകരിക്കാനാവില്ലെന്നും വിനയന്‍ പറഞ്ഞു.
‘ദിലീപ് പണ്ട് തന്നെ ഒതുക്കിയത് പോലെ ഷെയിന്‍ നിഗത്തിന് മറ്റുള്ളവരെ ഒതുക്കാന്‍ സാധിക്കില്ല. അഭിയെന്ന ഞങ്ങളുടെ വേണ്ടപ്പെട്ട സുഹൃത്തിന്റെ മകനാണ്. അത് കൊണ്ട് ഷെയിന്‍ എല്ലാം തിരുത്തി നിര്‍മാതാക്കളുമായി സഹകരിക്കണം. മുന്‍പ് എന്നെ വിലക്കിയതും ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടന്‍ അന്ന് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സിനിമയുമായി സഹകരിച്ചില്ല.
അതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പക്ഷെ ഷെയിന്‍ അത്ര ആയിട്ടില്ല. അതുകൊണ്ട് ഷെയിന് അത് നടക്കുമെന്ന് തോന്നുന്നില്ല’- വിനയന്‍ പറഞ്ഞു.