ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തിനെതിരെ നടന്‍ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് നടന്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തു. നേരത്തെ, വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തന്റെ വാദം കേള്‍ക്കാതെ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വിധി പറയരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പരാതി ഉന്നയിച്ചത്.
എന്നാല്‍ പ്രോസിക്യൂഷനും കോടതിയും സഹകരിച്ചു പോവണമെന്നും അല്ലാത്തപക്ഷം യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.