കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെയുള്ള വധഭീഷണി കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസ് ഉള്‍പ്പടെയുള്ള പോലീസുകാരെ ദിലീപ് ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ഗൂഡാലോചനയില്‍ പങ്കെടുത്ത ദിലീപിന്റെ സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരേയും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഇവര്‍ ഒന്നിച്ചിരുന്ന് ഗൂഡാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.