‘ഞാന്‍ ഈ നാട്ടുകാരനല്ല’ ഷെയിന്‍ നിഗത്തിന്റെ വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ദിലീപിന്റെ മറുപടി
നടന്‍ ഷെയിന്‍ നിഗത്തിന് സിനിമകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്‍ ദിലീപ്. തന്റെ പുതിയ ചിത്രമായ ‘മൈ സാന്റ’യെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഫിയോക്ക് പോലുള്ള സംഘടന രൂപീകരിച്ചതിന്റെ ഉദ്ദേശം വിലക്കിനെതിരെയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വന്നത്. മറ്റൊരു ചോദ്യവും ഇപ്പോള്‍ വേണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
സിനിമയിലെ വിലക്കുകള്‍ ശരിയായ നടപടിയണോ എന്നുള്ള ചോദ്യത്തിന് ഞാന്‍ ഈ നാട്ടുകാരനല്ല എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. ഇപ്പോള്‍ എനിക്ക് ഒന്നും സംസാരിക്കാന്‍ പാടില്ല എന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്നാണ് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് ‘അമ്മ’ ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ആദ്യം ഷെയിന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു അമ്മ ഭാരവാഹികളുടെ തീരുമാനം.