പുതിയ ലുക്കില്‍ ദിലീപും കാവ്യയും; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് മലയാളികളുടെ പ്രിയ നടി കാവ്യ മാധവന്‍. അതുപോലെ തന്നെ ചുരുക്കം ചില പരിപാടികളില്‍ മാത്രമേ കാവ്യ പങ്കെടുക്കാറുള്ളൂ. അതുകൊണ്ട് തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത് ആരാധകര്‍ക്കും സന്തോഷമാണ്. ഇരുവരുടേയും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്. നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുള്ള ഇരുവരുടേയും ചിത്രം കണ്ടാല്‍ ഏതോ ക്ഷേത്ര ദര്‍ശനം കഴിഞ്ഞതാണെന്നും തോന്നും.
മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള നടികൂടിയായിരുന്നു കാവ്യ മാധവന്‍. അതുകൊണ്ടു തന്നെ കാവ്യയെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്. കാവ്യ വീണ്ടും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ഏറെ നാളായി കേള്‍ക്കുന്നതാണ്. കാവ്യയുടെ ഭര്‍ത്താവും നടനുമായ ദിലീപ് അടുത്തിടെ അതിനുള്ള മറുപടിയും നല്‍കിയിരുന്നു. കാവ്യ വീണ്ടും സിനിമയിലെത്തുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതിനൊപ്പം ‘താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വച്ചിട്ടില്ലെന്നും’ ദിലീപ് വ്യക്തമാക്കി.