CricketNewsSports

റിഷഭ് പന്ത് ഉറക്കഗുളിക കഴിച്ചിരുന്നോ? നേരത്തെ ഇറക്കാതിരുന്ന തീരുമാനത്തെ പരിഹസിച്ച് അജയ് ജഡേജ

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്നതിനിടെ ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ, റിഷഭ് പന്തിന് മുകളിലാണ് കളിപ്പിച്ചത്. മാത്രമല്ല, ജയ്‌ദേവ് ഉനദ്ഖടിനും സ്ഥാനക്കയറ്റം നല്‍കുകയുണ്ടായി. സ്ഥിരം പൊസിഷനില്‍ നിന്ന് മാറി ഏഴമനായിട്ടാണ് പന്ത് ക്രീസിലെത്തിയത്. 13 ബോളുകള്‍ നേരിട്ട താരം ഒമ്പത് റണ്‍സുമായി മടങ്ങുകയും ചെയ്തു. ഇതോടെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.

മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് ആദ്യം പ്രതികരിച്ചതില്‍ ഒരാള്‍. പന്ത് ഉറക്കഗുളിക കഴിച്ചിരുന്നോ എന്നാണ് ജഡേജ പരിഹാസത്തോടെ ചോദിച്ചത്. ജഡേജയുടെ വാക്കുകള്‍… ”പന്തിനെ മൂന്നാംദിനം ഇറക്കാതിരുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. അദ്ദേഹം ഉറക്കഗുളിക കഴിച്ചിരുന്നോ? ഇവിടെ നിന്ന് നമുക്ക് എന്തും പറയാം. എന്നാല്‍ അവിടെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയാസം നേരിട്ടിരുന്നോ എന്ന് നമുക്ക് അറിയില്ല.” ജഡേജ പറഞ്ഞു.

ഇതോടെ നാലാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 74-7ലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നു. മുന്‍നിര തകര്‍ന്നെങ്കിലും ആര്‍ അശ്വിന്റെ (62 പന്തില്‍ 42) സമയോചിത ഇന്നിംഗ്‌സ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നു. ശ്രേയസ് അയ്യര്‍ (29) അശ്വിനൊപ്പം പുറത്താവാതെ നിന്നു. അക്‌സര്‍ പട്ടേല്‍ (34) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മെഹിദി ഹസന്‍ മിറാസാണ് ഇന്ത്യയെ തകര്‍ത്തത്.

വിജയിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍… ”മധ്യനിര ബാറ്റര്‍മാരില്‍ വിശ്വാസമുണ്ടായിയിരുന്നു. ഈ മത്സരം ജയിക്കാന്‍ ആവശ്യമായ താരങ്ങള്‍ ടീമിലുണ്ട്. അത്രത്തോളം ക്രിക്കറ്റ് കളിച്ചവരാണ് ടീമിലുള്ള താരങ്ങള്‍. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ട്രാക്കായിരുന്നു ധാക്കയിലേത്.

അതുകൊണ്ടുതന്നെ ഡ്രസിംഗ് റൂമില്‍ ഞങ്ങളും ടെന്‍ഷനിലായിരുന്നു. ബംഗ്ലാദേശ് രണ്ട് ഇന്നിംഗ്‌സിലും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പന്ത് പഴകിയാല്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സധിക്കുമായിരുന്നു. പുതിയ പന്തില്‍ ആര് കളിക്കുമെന്നുള്ളത് മാത്രമായിരുന്നു സംശയം. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മത്സരം ജയിക്കാന്‍ സാധിച്ചു.” രാഹുല്‍ മത്സരശേഷം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button