കൊച്ചി:പുരസ്കാരം നല്‍കാനെത്തിയ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന സംഗീത സംവിധായകന്‍ രമേഷ് നാരായണനെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയർന്ന് വന്നത്. ഒട്ടനവധി ആളുകള്‍ ആസിഫ് പിന്തുണ അറിയച്ചതിനോടൊപ്പം തന്നെയാണ് രമേഷ് നാരായണനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നതും.
ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് അയാൾക്കെന്നാണ് ആസിഫ് അലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചത്. വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്ക് മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
‘കലാമണ്ഡലംകാരി കലാഭവൻ മണിയുടെ അനുജനോട്കാട്ടിയ അതേ മനോഭാവം. ആമയിഴഞ്ചാൻ തോട്ടിലുള്ളതിനെക്കാൾ മാലിന്യം നിറഞ്ഞ മനസ്സാണ് അയാൾക്ക്. ഹിന്ദുസ്ഥാനി സംഗീതത്തിൽ നിന്നും ഒരു അപസ്വരം വകതിരിവ് വട്ടപ്പൂജ്യമായിട്ടുള്ള രമേശ് നാരായണൻ സിനിമയ്ക്ക് മാത്രമല്ല സാംസ്കാരിക ലോകത്തിനു തന്നെ അപമാനമാണ്.’ ആലപ്പി അഷ്റഫ് കുറിച്ചു.
വീഡിയോ കണ്ടവരെ വിഡ്ഢികളാക്കിക്കൊണ്ടു, മാപ്പു പറച്ചിലിൽ പോലും മാന്യത പുലർത്താതെ പച്ചക്കള്ളം പറയുന്നു. “ആസിഫിനെ മുതുകത്ത് തട്ടി തലോടി” എന്നൊക്കെ. അല്പത്തരവും ധാർഷ്ട്യവും കാണിച്ചവരെല്ലാം മലയാളികളുടെ മനസ്സിൽ എന്നും ഒറ്റപ്പെട്ട ചരിത്രമേയുള്ളു.
അവഹേളിക്കപ്പെട്ട നിമിഷത്തിൽ ആദ്യമൊന്ന് അന്ധാളിച്ചു എങ്കിലും വളരെ പക്വതയോടെ, വിനയത്തിൻ്റെ ഒരു ചെറു പുഞ്ചിരിയോടെ ആ അല്പന് മറുപടി കൊടുത്തു ആസിഫ്.വെറുപ്പിന്റെയും വേർതിരിവിന്റെയും വക്താക്കൾക്കിടയിൽ, നമുക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രമേശ് നാരായണന്‍ മാപ്പ് പറഞ്ഞതില്‍ ആത്മാർത്ഥത തോന്നിയില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസനും പ്രതികരിച്ചു. എന്തുകൊണ്ട് ഇത് ചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി അദ്ദേഹത്തിന്റെ പേര് എന്തോ മാറ്റി വിളിച്ചു സന്തോഷ് നാരായണൻ എന്ന് വിളിച്ചു എന്നാണ്. പിന്നെ അവാർഡ് കൊടുത്തത്തിൽ തന്നെ എനിക്കൊരു പാളിച്ച തോന്നിയിരുന്നു. അദ്ദേഹത്തെപ്പോലെ സീനിയറായിട്ടുള്ള ഒരു മ്യൂസീഷന് നമ്മൾ വേദിയിൽ വിളിച്ച് വേണമല്ലോ പുരസ്കാരം കൊടുക്കാനെന്നും ധ്യാന്‍ പറഞ്ഞു.
അദ്ദേഹം മാനസികമായി വിഷമത്തിലായിരുന്നു അതുകൊണ്ടാണ് പുള്ളി ആസിഫിനെ ശ്രദ്ധിക്കാതെ പോയത് എന്നാണ് അദ്ദേഹം പറയുന്നത്. നമ്മൾ ഒരാൾ അപമാനിക്കപ്പെട്ട് നിൽക്കുന്ന സമയത്ത് അതേ നാണയത്തിൽ നമ്മൾ മറ്റൊരാളെ അപമാനിക്കാൻ പാടുണ്ടോ? അതേ വിഷമം തന്നെയല്ലേ മറ്റേയാളും അനുഭവിച്ചിട്ടുണ്ടാവുകയെന്നും ധ്യാന്‍ ചോദിച്ചു.
ആസിഫ് അലിയുടെ തോളിൽ തട്ടി എന്നാണ് അദ്ദേഹം പറയുന്നത്. അത് കള്ളമല്ലേ? തോളിൽ തട്ടിയിട്ടൊന്നുമില്ല, പിന്നെ രാത്രിയായി വാർത്തയൊക്കെ വന്ന് കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് പണി പാളി എന്ന് മനസ്സിലായി. അപ്പോൾ അദ്ദേഹം സോറി പറഞ്ഞു. സോറി ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ചെയ്തത് തെറ്റ് തന്നെയാണ് ആസിഫ് ഒരു ചെറിയ ചിരിയോടെ അത് അവസാനിപ്പിച്ചു. ഇത്തരത്തിലുള്ള ആൾക്കാരെ നമ്മൾ ചെറിയ ചിരിയിൽ ഒതുക്കുക എന്നതാണ്. അദ്ദേഹം ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത തോന്നിയില്ല. ഇതൊക്കെ കാണിച്ച അഹങ്കാരത്തിന് ദൈവം വഴിയേ കൊടുത്ത പണിയായിട്ടാണ് എനിക്ക് തോന്നിയതെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു.