അഭിമുഖങ്ങള്‍ തല്ക്കാലത്തേക്കില്ല, നല്ല കുട്ടിയായി ജീവിയ്ക്കും, ജീവിതാനുഭവങ്ങൾ സിനിമയാക്കണം: ധ്യാൻ ശ്രീനിവാസൻ
ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ ‘പ്രകാശൻ പറക്കട്ടെ’ റിലിസായിരിക്കുകയാണ്. ചിത്രം സ്വീകരിച്ചതില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഫേസ്‍ബുക്ക് ലൈവിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ നന്ദി അറിയിച്ചത്. അഭിമുഖങ്ങള്‍ കുറയ്‍ക്കാനും ജീവിതാനുഭവങ്ങള്‍ ഇനി സിനിമയാക്കാനുമാണ് തീരുമാനമെന്നും ധ്യാൻ ശ്രീനിവാസൻ ലൈവില്‍ പറഞ്ഞു (Dhyan Sreenivasan),
ധ്യാൻ ശ്രീനിവാസന്റെ വാക്കുകള്‍
ഇന്റര്‍വ്യുവൊക്കെ മടുത്തു. ഇനി കുറച്ച് ദിവസം ഫേസ്‍ബുക്കും ഇന്റര്‍വ്യുവും ഒന്നുമില്ല. നമ്മള്‍ നമ്മുടെ സിനിമ പ്രമോട്ട് ചെയ്യാൻ വരുമ്പോള്‍ പഴയ കഥകളൊക്കെ പറയുന്നതാണ്. അപ്പോള്‍ അതൊക്കെ കുറേപേര്‍ക്കൊക്കെ ഇഷ്‍ടപ്പെട്ടു എന്നറിയുമ്പോള്‍ സന്തോഷം. അതൊക്കെ ജീവിതത്തില്‍ നടന്ന സംഭവങ്ങളായതുകൊണ്ട് ഇങ്ങനെ പറയുകയാണ്.
കഴിഞ്ഞ ദിവസം അച്ഛൻ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് കുറച്ച് ദിവസം നല്ല കുട്ടിയായി വീട്ടില്‍ അടങ്ങിക്കൂടി ഇരിക്കാമെന്ന് വിചാരിച്ചു. നാളെ മുതല്‍ ലോ പ്രൊഫൈല്‍ ജീവിതമായിരിക്കും. നാളെ മുതല്‍ ഇന്റര്‍വ്യു ഒന്നും കുറച്ച് ദിവസത്തേക്ക് ഉണ്ടാകില്ല എന്നുകൂടി ഈ ലൈവില്‍ അറിയിക്കുന്നു. ഇനി അടുത്തൊന്നും സിനിമ റിലീസ് ആകാനുമില്ല.
സോളോ ഇന്റര്‍വ്യു കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബത്തില്‍ നിന്ന് അഭിപ്രായം. ഇങ്ങനെ പോയാല്‍ ഞാൻ കുടുംബത്തിലെ എല്ലാവരെയും നാറ്റിക്കും എന്നൊരു പേടി എല്ലാവര്‍ക്കും ഉണ്ട്. അച്ഛന്റെയും ഏട്ടന്റെയും എന്റെയും കാര്യങ്ങളേ ഞാൻ പറഞ്ഞുള്ളൂ. ഇനി ബാക്കി ബന്ധുക്കളെയും ഞാൻ നാറ്റിക്കുമോ എന്ന പേടിയുണ്ട്. ഫാമിലി ഗ്രൂപ്പ് വാട്‍സ് ആപില്‍ നിന്ന് ഞാൻ ഇപ്പോള്‍ പുറത്താണ്. കുറച്ച് ദിവസം കഴിയുമ്പോള്‍ എന്നെ ആഡ് ചെയ്യും. അതിനുശേഷം നല്ല കുട്ടിയായി ഇരിക്കാം എന്ന് വിചാരിച്ചു. അതുകൊണ്ട് ഇന്റര്‍വ്യു ഇനി കുറച്ച് ദിവസം ഉണ്ടാകില്ല, ആരെയെങ്കിലും ഇന്റര്‍വ്യുനിടയില്‍ നമ്മള്‍ വിഷമിപ്പിച്ചതോ പറഞ്ഞതോ ഉണ്ടെങ്കില്‍ അതൊക്കെ അതിന്റേതായ സെൻസില്‍ എടുക്കണം.
സിനിമ കണ്ടിട്ടുപോലും എന്നെ ഇത്രയും ആള്‍ക്കാര്‍ വിളിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങളായിട്ടുള്ള ഇന്റര്‍വ്യു കണ്ടിട്ട് കുറേ ആള്‍ക്കാര്‍ എന്നെ വിളിച്ചു. പഴയ അനുഭവങ്ങളൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഞാൻ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ്. സിനിമയില്‍ വരുന്നതിന് മുന്നേയുള്ള ഒരു പത്ത് വര്‍ഷം, എന്റെയൊരു 17 വയസ് തൊട്ട് 27 വയസു വരെയുള്ള സമയം ഒരുപാട് സംഭവങ്ങളുണ്ട്. അതൊക്കെ ഇന്റര്‍വ്യുകളില്‍ പറയുന്നതിനേക്കാള്‍ നല്ലത് ഒരു സിനിമയാക്കാം എന്നാണ്. രണ്ട് ചാപ്റ്ററൊക്കെയുള്ള ഒരു സിനിമയാക്കാം എന്നാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ എന്റെ ജീവിത കഥ സിനിമയാക്കാം എന്നാണ് തീരുമാനിച്ചത്. ഇൻസ്‍പിരേഷണല്‍ സ്റ്റോറിയൊന്നുമല്ല. പക്ഷേ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായ ആളാണ് ആ പ്രായത്തില്‍. ഒരുപാട് കഷ്‍ടപ്പെട്ടു. സിനിമയില്‍ വന്ന് ഞാൻ ഒരുപാട് മാറി. അതൊക്കെ വച്ച് ഹൃദയം ഒരുപാട് നന്മയുള്ള സിനിമയാണെങ്കില്‍ അതുപോലുള്ള അല്ലാത്ത ഒരു സിനിമ ആലോചിക്കുന്നുണ്ട്. ഒരു സെലിബ്രിറ്റി കിഡ് സിനിമ എന്തായാലും ആലോചിക്കുന്നുണ്ട്.