പൊന്നുവിന്റെ ചേതനയറ്റ ശരീരം കണ്ടയുടന്‍ അച്ഛന്‍ പ്രദീപ്കുമാര്‍ കുഴഞ്ഞു വീണു; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കൊല്ലം: ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരത്തില്‍ മുറിവേറ്റ പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആറ്റില്‍ തടയണ നിര്‍മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
വീടിന് 500 മീറ്റര്‍ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബര്‍ മരങ്ങളുമാണ്. ദേവനന്ദയുടെ പിതാവ് പ്രദീപ്കുമാര്‍ മസ്‌കറ്റില്‍ നിന്ന് രാവിലെ വീട്ടിലെത്തി. മൃതദേഹം കണ്ട പ്രദീപ്കുമാര്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം ഇളവൂരിലെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദനയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്‍മാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ ദേവനന്ദയ്ക്ക് അനുശോചനം അര്‍പ്പിച്ചു. വ്യാഴാഴ്ച ദേവനന്ദയെ കാണാതായത് മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും ചലച്ചിത്രതാരങ്ങളുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയകളിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു.
‘ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.’ കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മരണത്തില്‍ നാട്ടുകാര്‍ ഉന്നയിക്കുന്ന ദുരൂഹത പോലീസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.