FeaturedHome-bannerKeralaNews

കണ്ണടയ്ക്കാതെ നാടൊന്നടങ്കം, കർമ്മനിരതരായി ഉദ്യോഗസ്ഥരും, ദേവനന്ദയുടെ തിരോധാനത്തിൽ റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ, ഏഴു വയസുകാരിയ്ക്കായി പ്രാർത്ഥനയോടെ കേരളം

കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. സംസ്ഥാന അതിർത്തികളിലും പൊലീസ്‍ തിരച്ചില്‍ ഊർജിതമാക്കി. വാഹന പരിശോധനയും നടത്തുന്നുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷൻ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പ്രത്യേക സംഘം അന്വേഷണ ചുമതല ഏറ്റെടുത്തു.

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദരും വിരലടയാള വിദഗ്ദരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് കാണാതായ ആറ് വയസ്സുള്ള ദേവനന്ദക്കായി തിരച്ചില്‍ നടത്തുന്നത്. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ കുട്ടിയുടെ തിരോധാനത്തിൽ ഡിജിപിയോടും ജില്ലാ കലക്ടറോടും അടിയന്തര റിപ്പോർട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി സ്കൂളിൽ നിന്ന് അവധിയെടുത്തത്.

പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു

പരമാവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മോബല്‍ ടവ്വറുകള്‍ കേന്ദ്രീകരിച്ചും സൈബർ വിദഗ്ദരുടെ സംഘം അന്വേഷണം തുടരുകയാണ്. സമീപവാസികളായ നാട്ടുകാരും അന്വേഷണത്തില്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ബന്ധുക്കള്‍, കുട്ടിയുടെ അമ്മ തുടങ്ങിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സമീപപ്രദേശത്തെ ആളൊഴിഞ്ഞ പറമ്പുകളിലും സമീപത്തെ പുഴയിലും തിരച്ചില്‍ തുടരാനാണ് പൊലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button