മകളേ വിട… ദേവനന്ദയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍
കൊല്ലം: ഇളവൂരില്‍ മരിച്ച ആറ് വയസുകാരി ദേവനന്ദയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. ദേവനന്ദയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. സംസ്‌കാരം അല്‍പസമയത്തിനകം നടക്കും.
പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ. കുട്ടിയെ ഇന്നലെ രാവിലെയാണ് കാണാതായത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദേവനന്ദ അമ്മയുടെ അരികില്‍ വരികയും ചെയ്തിരുന്നു. അല്‍പസമയത്തിന് ശേഷം അമ്മ വന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസും സോഷ്യല്‍ മീഡിയയും ഒരുപോലെ അണിനിരന്ന കാഴ്ചയാണ് കണ്ടത്.
തുടര്‍ന്ന് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. മുങ്ങിമരണം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ മാത്രമാണ് ശരീരത്തിലുള്ളതെന്നാണ് വിവരം. ശ്വാസകോശത്തിലും മറ്റും വെള്ളത്തിന്റെയും ചെളിയുടെയും സാന്നിധ്യമുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും ശരീരത്തില്‍ മുറിവുകളോ ചതവോ ഇല്ലെന്നും ഇന്‍ക്വസ്റ്റില്‍ പറയുന്നു.