ബെംഗളൂരു:ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പ്രാധാന്യം ദിനംപ്രതി ഏറിവരികയാണ്. ഒട്ടനവധിയാളുകളാണ് ഓണ്‍ലൈന്‍ ഷോപ്പിങിനെ ആശ്രയിക്കുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ തട്ടിപ്പിനിരയാകുന്ന സംഭവങ്ങളും പതിവ് കാഴ്ചയാണ്.
ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിലെ പ്രധാനിയായ ഫ്‌ളിപ്കാര്‍ട്ടിന് പിഴയിട്ടിരിക്കുകയാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ബെംഗളൂരു സ്വദേശിയായ ദിവ്യശ്രീയുടെ പരാതിയിന്മേലാണ് നടപടി.
12,499 മൊബൈല്‍ ഫോണ്‍ തുക മുന്‍കൂറായി അടച്ച് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തിട്ടും ലഭിച്ചില്ലെന്നാണ് പരാതി. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മൊബൈല്‍ ഫോണിന്റെ തുകയായ 12,499 രൂപയോടൊപ്പം 12 ശതമാനം വാര്‍ഷിക പലിശയും 20,000 രൂപ പിഴയും നിയമപരമായ ചെലവായ 10,000 രൂപയും ചേര്‍ത്ത് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോണിന്റെ വിലയുടെ മൂന്നിരട്ടിയിലധികമാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കേണ്ടി വരിക.
2022 ജനുവരി 15-നാണ് ദിവ്യശ്രീ ഫ്‌ളിപ്കാര്‍ട്ടിലൂടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്യുന്നത്. മുഴുവന്‍ തുകയും മുന്‍കൂറായി അടച്ചെങ്കിലും മൊബൈല്‍ ലഭിച്ചില്ല. നിരവധി തവണ ഇവര്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിലാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.