CricketKeralaNewsSports

പ്ലെയിംഗ് ഇലവനില്‍ നിന്ന് പുറത്തായിട്ടും ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പിച്ച് മൂടി സഞ്ജു,ആത്മാര്‍ത്ഥതയ്ക്ക് കയ്യടിച്ച് ക്രിക്കറ്റ്‌ലോകം

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസണുണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയിട്ടും സഞ്ജുവിനെ പുറത്തിരുത്തുകയായിരുന്നു ടീം മാനേജ്‌മെന്റ്. ആദ്യ ഏകദിനത്തിൽ 38 പന്തിൽ താരം 36 റൺസ് നേടിയിരുന്നു.

എന്നാൽ മഴ തടസപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനായി സഞ്ജു മൈതാനത്തിറങ്ങി. ഗ്രൗണ്ട് മൂടാനായി സഹായിക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും തന്റെ സ്പോർട്സ്മാൻഷിപ്പ് സഞ്ജു കാണിച്ചു എന്ന് പ്രശംസിക്കുകയാണ് ആരാധകർ.

കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു. രണ്ടാമതും മഴ മത്സരം തടസപ്പെടുത്തിയതോടെ കളി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 എന്ന സ്‌കോറിലായിരുന്നു ഇന്ത്യ.

പിന്നീട് ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ആരംഭിച്ചപ്പോൾ മത്സരം 29 ഓവറാക്കി ചുരുക്കിയിരുന്നു. എന്നാൽ 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. ഒരു വിക്കറ്റിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റൺസുമായി ശുഭ്മാൻ ഗില്ലും 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. മൂന്ന് റൺസെടുത്ത ക്യാപ്റ്റർ ശിഖർ ധവാനാണ് പുറത്തായത്. ആദ്യ ഏകദിനം ജയിച്ച കിവീസ് പരമ്പരയിൽ മുന്നിലാണ്.

രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യൂസിലൻഡ് ബാറ്റിംഗിനയക്കുകയായിരുന്നു. സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയും ഇന്ത്യ പുറത്തിരുത്തി. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചു.

ന്യൂസിലൻഡ് ടീമിൽ ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്വെൽ ഇലവനിലെത്തി. ആദ്യ ഏകദിനം ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റെങ്കിലും ശ്രേയസ് അയ്യരുമായി ചേർന്ന് സഞ്ജു സാംസൺ ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button