
കൊച്ചി: സാധാരണക്കാര്‍ക്ക് ഇണങ്ങുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്. ആയിരം രൂപയില്‍ താഴെ മാത്രം വാര്‍ഷിക പ്രീമിയം വരുന്ന പദ്ധതിക്കാണ് തപാല്‍ വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കാണ് ‘മഹാസുരക്ഷ ഡ്രൈവ്’ എന്ന പദ്ധതിയില്‍ ഏവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ഇതുനടപ്പാക്കുന്നത്. ഫെബ്രുവരി 19 മുതല്‍ സംസ്ഥാനമൊട്ടാകെ പദ്ധതിക്കു തുടക്കമായി.
ആദ്യത്തെ രണ്ടു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകള്‍ക്കുശേഷമാണ് ഈ പദ്ധതിയില്‍ പരിരക്ഷ കിട്ടുക. കിടത്തിച്ചികിത്സ, മുറി വാടക, പ്രതിദിന ഐ.സി.യു. ചികിത്സകള്‍ക്ക് 15 ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 30 ദിവസംമുമ്പും 60 ദിവസത്തിനുശേഷവുമുള്ള ചെലവുകളും ഉള്‍പ്പെടുത്താം. ഡേ കെയര്‍ ചികിത്സ, ഓരോ ആശുപത്രി വാസത്തിനും 1000 രൂപ വരെ ആംബുലന്‍സ് വാടക, അവയവം മാറ്റിവെക്കലിന് പരിരക്ഷ തുടങ്ങിയവയും ലഭിക്കും.
തപാല്‍ ഓഫീസുകളില്‍നിന്ന് പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാം. വാഹന ഇന്‍ഷുറന്‍സ്, വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും ഇതിനൊപ്പമുണ്ട്. മുതിര്‍ന്ന ഒരാള്‍ക്ക് 899 രൂപ, രണ്ടുപേര്‍ക്ക് 1399 രൂപ, രണ്ടുപേര്‍ക്കും ഒരു കുട്ടിക്കും 1799, രണ്ടുപേര്‍ക്കും രണ്ടുകുട്ടികള്‍ക്കും 2799 എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകള്‍.
അസംഘടിത തൊഴിലാളികള്‍ക്കായി 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിതമേഖലാ തൊഴിലാളികളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമേ പദ്ധതികളില്‍ ചേരാന്‍ സാധിക്കൂ. പുതുതായി ചേരേണ്ടവര്‍ക്കു പോസ്റ്റ് ഓഫീസ്, ഐ.പി.പി.ബി. ഏജന്റ് വഴി അക്കൗണ്ട് തുറക്കാം ഇന്‍ഷുറന്‍സിന്റെ കാലാവധി ഒരു വര്‍ഷമാണ്. പിന്നീട് ഓരോ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കാം.