35.9 C
Kottayam
Thursday, April 25, 2024

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യ വകുപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്സിനേഷന്‍ ആരംഭിക്കാനും ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ ക ശൈലജ. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കുന്നതാണ്. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യ ഘട്ടമായി അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു.

ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫെബ്രുവരി 13ഓടെ ആദ്യം വാക്‌സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനെടുക്കേണ്ട സമയമാകും. അതിനാല്‍ തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ നാല് ദിവസമാണ് ഇപ്പോള്‍ വാക്‌സിനേഷന് അനുവദിച്ചത്. എന്നാല്‍ വാക്‌സിനേഷന്‍ കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്സിനേഷന്‍ ദിനങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. പക്ഷെ ഒരു കാരണവശാലും കുട്ടികളുടെ വാക്‌സിനേഷന്‍ മുടങ്ങാന്‍ പാടില്ല. കുട്ടികളുടെ വാക്‌സിനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. ജില്ലാ ടാക്‌സ് ഫോഴ്‌സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്.

പല കാരണങ്ങളാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചയിച്ച സമയത്ത് വാക്‌സിനെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. അതിനാല്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആ വിടവ് നികത്താനും അതത് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ അടുത്ത വാക്‌സിനേഷന്‍ നല്‍കുന്നത് കൊവിഡ് മുന്നണി പോരാളികള്‍ക്കാണ്. സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,87,306 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,824 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week