വടകര: മണിയൂരിൽ കോവിഡ് പടരുന്നതിനിടെ ഡെങ്കിപ്പനിയും കണ്ടുതുടങ്ങിയതോടെ ജനം ആശങ്കയിൽ ആയിരിക്കുന്നു. രണ്ടാഴ്ചക്കിടെ 14 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും 50 ശതമാനത്തിനുമിടയിലാണ് ഉള്ളത്. ഇതിനിടയിലാണ് പഞ്ചായത്തിലെ 18ാം വാർഡിൽ 11 പേർക്കും 20ാം വാർഡിൽ രണ്ടു പേർക്കും വാർഡ് മൂന്നിൽ ഒരാൾക്കും ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. ആരോഗ്യവകുപ്പ്, ആശ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട സംഘം വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം, കൊതുകിെൻറ സാന്ദ്രത പഠനം, വീടിനകത്ത് മരുന്ന് തളിക്കൽ, കൊതുക് നശീകരണത്തിന് ഫോഗിങ്, ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്തുകയുണ്ടായി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തംഗം പി.ടി. ശോഭന, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ. ഷിന്ദു, കെ. രാജേഷ്, വി.എസ്. റെജി, അമൃത എന്നിവർ നേതൃത്വം നൽകി.
ലോക്ഡൗൺ കാലത്ത് കുടുംബസമേതം വീട്ടിലുള്ള സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയാക്കി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കോവിഡ് വൈറസ് ബാധക്ക് ഒപ്പം ഡെങ്കി വൈറസ് ബാധയുമുണ്ടായാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ആയതിനാൽ ഉറവിട നശീകരണത്തിൽ പൊതുസമൂഹം അതിജാഗ്രത കാണിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ. രാജേഷ് ശ്രീധരൻ അറിയിച്ചു.