മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് തുടങ്ങി; തുടക്കത്തില്‍ പൊളിക്കുന്നത് ജനലുകളും വാതിലുകളും
കൊച്ചി: കൊച്ചിയിലെ മരടില്‍ തീരദേശ നിയമം ലംഘിച്ച് പണിത ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കി തുടങ്ങി. തുടക്കത്തില്‍ ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ ജനലുകളും വാതിലുകളുമാണ് പൊളിച്ചു മാറ്റുന്നത്. വിജയ് സ്റ്റീല്‍സ് കമ്പനിയാണ് ഇവ പൊളിച്ചു നീക്കുന്നത്. വിജയ് സ്റ്റീല്‍സിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് ഇവിടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രണ്ട് ടവറുകളാണ് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിലുള്ളത്. പതിനാറ് നിലകളുള്ള ആദ്യ കെട്ടിടത്തിന്റെ അഞ്ച് നിലകളിലുള്ള ഫ്ളാറ്റുകളിലെ ജനലും വാതിലുകളും ഇതിനോടകം തന്നെ പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കള്‍ മാറ്റുന്ന ജോലി ആണ് ഇപ്പോള്‍ നടക്കുന്നത്.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുളള കരാര്‍ കമ്പനികള്‍ക്ക് ഇതുവരെ കൈമാറിയിട്ടില്ല. രേഖാമൂലം കരാര്‍ ലഭിക്കുന്നതിന് മുമ്പാണ് കമ്പനി ഫ്ളാറ്റ് പൊളിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വിജയ് സ്റ്റീല്‍സ്.