ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന് കീഴിലെ ആശുപത്രികള്‍ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്. കേന്ദ്രസര്‍ക്കാരിന് കീഴിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ തയാറായിരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷം കൊവിഡ് കേസുകള്‍ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 15000 കിടക്കകള്‍ ഉടന്‍ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡല്‍ഹി സര്‍ക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നത്. ജൂണ്‍ അവസാനത്തോടെ പോസിറ്റീവ് കേസുകള്‍ ഒരു ലക്ഷം കടന്നേക്കുമെന്നാണ് ഡോ. മഹേഷ് വെര്‍മ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജൂലൈ പകുതിയോടെ 42000 കിടക്കകള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പതിനഞ്ച് ദിവസം കൂടുമ്പോള്‍ കേസുകള്‍ ഇരട്ടിക്കുന്നു. 25 ശതമാനം രോഗികള്‍ക്കും ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കേണ്ടി വരും. അഞ്ച് ശതമാനത്തിന് വെന്റിലേറ്റര്‍ സൗകര്യം വേണ്ടിവരുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. വരുംദിവസങ്ങളില്‍ ചൈനയെ മറികടന്നേക്കും സംസ്ഥാനം. മഹാരാഷ്ട്രയില്‍ ഇതുവരെ 82,968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2500ല്‍ അധികം കേസുകളാണ് മഹാരാഷ്ട്രയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. വളര്‍ച്ചാനിരക്ക് ഇതേപടി തുടരുകയാണെങ്കില്‍ ചൈനയെ ഉടന്‍ മറികടന്നേക്കും. മുംബൈയിലെ കൊവിഡ് കേസുകള്‍ അരലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 120 പേര്‍ കൂടി മരിച്ചു. ആകെ മരണം 2969 ആയി.