ഹഥ്‌റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഹഥ്‌റസ്പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി.പീഡന കേസിലെ പ്രതി ഗൗരവ് ശര്‍മയാണ് പെണ്‍കുട്ടിയുടെ പിതാവിനെ തിങ്കളാഴ്ച വൈകീട്ടോടെ വെടിവച്ചു കൊലപ്പെടുത്തിയത്.
കഴിഞ്ഞദിവസം പ്രദേശത്തെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഒന്നിലേറെ തവണ വെടിയുതിർത്തെന്നും പൊലീസ് വ്യക്തമാക്കുന്നു.
വെടിയേറ്റു വീണ പെൺകുട്ടിയുടെ പിതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2018-ലാണ് കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ച കേസിൽ ഗൗരവ് ശർമ്മ അറസ്റ്റിലായത്. അറസ്റ്റിലായ ഇയാൾ ഒരു മാസത്തോളം ജയിലില്‍കിടന്ന ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.
ഹത്രാസിലെ സസ്നി പോലീസ് സ്റ്റേഷൻ പ്രദേശത്തെ നൗജർപൂർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. “ആദ്യം അവൻ എന്നെ ഉപദ്രവിച്ചു, ഇപ്പോൾ അവൻ എന്റെ പിതാവിനെ കൊന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് അച്ഛനെ വെടിവച്ചു കൊല്ലുകയായിരുന്നു. ദയവായി എനിക്ക് നീതി തരൂ, ”പെൺകുട്ടി പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ഗൗരവ് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊലയ്ക്കു ശേഷം പ്രതികളെല്ലാം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിട്ടിട്ടുണ്ട്. കുറ്റവാളികളെ എൻഎസ്‌എയോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു.