കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമ! ഉറൂബിന്റെ രാച്ചിയമ്മ ഇങ്ങനെയല്ലെന്ന് ദീപ നിശാന്ത്
കഴിഞ്ഞ ദിവസമാണ് ഉറൂബിന്റെ പ്രശസ്ത നോവലായ ‘രാച്ചിയമ്മ’ സിനിമയാകുന്ന വിവരം പുറത്ത് വന്നത്. നടി പാര്‍വ്വതി തിരുവോത്താണ് അതിലെ പ്രധാന കഥാപാത്രമായ രാച്ചിയമ്മയായി എത്തുന്നത്. രാച്ചിയമ്മയുടെ ലുക്കില്‍ പാര്‍വ്വതിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ നോവലിലെ രാച്ചിയമ്മയും പാര്‍വ്വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസ എടുത്ത് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വ്വതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നും ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഉറൂബിന്റെ രാച്ചിയമ്മയായി പാർവ്വതിയെത്തുന്നു.
സന്തോഷമുള്ള വാർത്ത ..
കരുത്തുള്ള പെണ്ണിനെ അവതരിപ്പിക്കാൻ കരുത്തുള്ള പെണ്ണു തന്നെ വരട്ടെ..
എന്നാലും ഈ ചിത്രം കണ്ടപ്പോൾ ഒരു സങ്കടം
‘കരിങ്കൽപ്രതിമപോലുള്ള ശരീരം’ എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച പെണ്ണാണ് !
‘ടോർച്ചടിക്കും പോലുള്ള ഇടിമിന്നൽച്ചിരിയുള്ള ‘ പെണ്ണാണ്!
‘കറുത്തു നീണ്ട വിരൽത്തുമ്പുകളിൽ അമ്പിളിത്തുണ്ടുകൾ പോലുള്ള ‘ നഖങ്ങളോടുകൂടിയ പെണ്ണാണ്!
ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോൾ രാച്ചിയമ്മയെ കണ്ടറിയാൻ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്.
കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്!
നിറത്തിലൊന്നും വലിയ കാര്യമൊന്നുമില്ല.
എന്നാലും രാച്ചിയമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് വായനക്കാർക്ക് ഉറൂബിട്ടു കൊടുക്കുന്ന ഒരു രൂപമുണ്ട്.
ആ രൂപത്തിലേക്ക് പാർവ്വതിയെ കൊണ്ടുവരാൻ വലിയ പ്രയാസമൊന്നും കാണില്ല.
രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.