CricketKeralaNewsSports

സഞ്ജു വീണ്ടും നിരാശപ്പെടുത്തി, അശ്വിനും പടിക്കലും കാത്തു, രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) 161 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ജോസ് ബട്‌ലറും സഞ്ജു സാംസണും പരാജയപ്പെട്ട മത്സരത്തില്‍ ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് മോശമല്ലാത്ത സ്‌കോറൊരുക്കിയത്. ഡല്‍ഹിക്കായി ചേതന്‍ സക്കരിയയും ആന്‍‌റിച്ച് നോര്‍ക്യയും മിച്ചല്‍ മാര്‍ഷും രണ്ട് വീതം വിക്കറ്റ് നേടി. 

മോശം തുടക്കമാണ് രാജസ്ഥാന്‍ റോയല്‍സിനെ കാത്തിരുന്നത്. സീസണിലെ റണ്‍വേട്ടക്കാരനായ ജോസ് ബട്‌ലറെ(11 പന്തില്‍ 7) മൂന്നാം ഓവറില്‍ ചേതന്‍ സക്കരിയ ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചു. 11 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്‍റെ അക്കൗണ്ടില്‍ ഈസമയമുണ്ടായിരുന്നത്. സഹ ഓപ്പണര്‍ യശ്വസി ജയ്സ്വാളാവട്ടെ(19 പന്തില്‍ 19) ഒന്‍പതാം ഓവറില്‍ മിച്ചല്‍ മാര്‍ഷിന് മുന്നില്‍ വീണു. സ്‌കോര്‍- 54-2. മൂന്നാമനായി രവിചന്ദ്ര അശ്വിനെ ക്രീസിലേക്ക് അയച്ച സഞ്ജു സാംസണിന്‍റെ തന്ത്രം വിജയിച്ചതോടെ രാജസ്ഥാന് പ്രതീക്ഷയായി. 

അശ്വിനൊപ്പം ദേവ്‌ദത്ത് പടിക്കലും ട്രാക്കിലായതോടെ 14-ാം ഓവറില്‍ രാജസ്ഥാന്‍ 100 കടന്നു. ഇതേ ഓവറില്‍ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. അശ്വിന്‍ 37 പന്തില്‍ അമ്പത് തികയ്‌ക്കുകയും ചെയ്‌തു. ഫിഫ്റ്റി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ അശ്വിനെ(38 പന്തില്‍ 50) മാര്‍ഷ് പറഞ്ഞയച്ചു. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ 116-3. സഞ്ജു സാംസണിന്‍റെ പോരാട്ടം ഒരു ബൗണ്ടറിയില്‍ ഒതുങ്ങി. നാല് പന്തില്‍ ആറ് റണ്‍സെടുത്ത സഞ്ജുവിനെ 17-ാം ഓവറില്‍ നോര്‍ക്യയുടെ പന്തില്‍ ഠാക്കൂര്‍ പിടികൂടി. 

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ്(5 പന്തില്‍ 9) സക്കരിയുടെ പന്തില്‍ വീണു. നോര്‍ക്യയുടെ 19-ാം ഓവറിലെ ആദ്യ പന്തില്‍  പടിക്കലിനെ(30 പന്തില്‍ 48) കമലേഷ് നാഗര്‍കോട്ടി പറക്കുംക്യാച്ചില്‍ മടക്കി. ഇതേ ഓവറില്‍ റാസ്സി വാന്‍ഡര്‍ ഡസ്സന്‍ ടീമിനെ 150 കടത്തി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റാസ്സിക്കൊപ്പം(10 പന്തില്‍ 12*), ട്രെന്‍റ് ബോള്‍ട്ട്(3 പന്തില്‍ 3*) പുറത്താകാതെ നിന്നു.  

ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹി രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കരിയയും പ്ലേയിംഗ് ഇലവനിലെത്തി. രാജസ്ഥാന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സി വാന്‍ഡര്‍ ഡസ്സനെ ഉള്‍പ്പെടുത്തി. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിക്കും. 11 മത്സരങ്ങളില്‍ 14 പോയിന്റുള്ള സഞ്ജുവും സംഘവും മൂന്നാം സ്ഥാനത്താണെങ്കില്‍ 10 പോയിന്റുള്ള ഡല്‍ഹി അഞ്ചാമതാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker