ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ഇസിജി ഫലങ്ങള്‍ പരിശോധിച്ച് താരതമ്യംപഠനം നടത്തിയാണ് പ്രവചനം സാധ്യമാകുക. നാല് ലക്ഷത്തോളം രോഗികളുടെ 17.7 ലക്ഷം ഇസിജി ഫലങ്ങള്‍ വിശകലനം ചെയ്താണ് പെന്‍സിന്‍വാനിയയിലെ ജെയ്സിഞ്ചര്‍ ഹെല്‍ത്ത് സിസ്റ്റത്തിലെ ഗവേഷകര്‍ മരണം പ്രവചിക്കാന്‍ കഴിയുമെന്ന് പറയുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്നായിരിക്കും എഐ പ്രവചിക്കുക. പല ഡോക്ടര്‍മാരും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്ന് വിലയിരുത്തിയ രോഗികളുടെ മരണം പോലും കൃത്യമായി പ്രവചിക്കാന്‍ ഈ നിര്‍മിത ബുദ്ധിക്ക് കഴിഞ്ഞു. മൂന്ന് ഹൃദ്രോഗ വിദഗ്ധര്‍ പരിശോധിച്ചിട്ടും കുഴപ്പം കണ്ടെത്താനാകാത്ത ഇസിജിയാണ് നിര്‍മിത ബുദ്ധി കണ്ട് മരണം പ്രവചിച്ചത്. ഇതുതന്നെയാണ് ഈ പഠനത്തിലെ ഏറ്റവും പ്രധാന കാര്യം. ഇസിജിയെ വിലയിരുത്തുന്ന രീതി തന്നെ നിര്‍മിത ബുദ്ധിയുടെ വരവോടെ മാറിയേക്കാം. പെന്‍സില്‍വാനിയയിലെ ഇമേജിങ് സയന്‍സ് ആന്റ് ഇന്നൊവേഷന്‍ വകുപ്പ് മേധാവി ബ്രാന്‍ഡണ്‍ ഫോണ്‍വോള്‍ട്ട് പറയുന്നു.