പത്രങ്ങളില്‍ ചരമവാര്‍ത്ത നല്‍കി, വീട്ടില്‍ പന്തലിട്ടു, ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ വീടിന് സമീപം പതിപ്പിച്ചു; പക്ഷെ ആള്‍ ഇപ്പോഴും ജീവനോടുണ്ട്
തിരുവനന്തപുരം: പത്രങ്ങളില്‍ ചരമ വാര്‍ത്ത കണ്ട് കഴക്കൂട്ടത്ത് സജി ഭവനില്‍ തുളസീധരന്‍ ചെട്ടിയാരുടെ വീട്ടിലേക്ക് എത്തിയവര്‍ എല്ലാം അമ്പരുന്നു. മരണ വീടിന്റെ ആളനക്കമൊന്നുമില്ല. തുളസീധരന്‍ നായരുടെ ഭാര്യ മഹേശ്വരി അമ്മാളാണെങ്കില്‍ ദുഃഖിതയായി ഇരിക്കുന്നുമുണ്ട്. വീട്ടിലേക്ക് എത്തിയവരെല്ലാം ചോദിച്ചു, ഭര്‍ത്താവ് അപ്പോള്‍ മരിച്ചില്ലേ? ഉളളില്‍ സങ്കടം നിറയുമ്പോഴും ഓരോത്തരോടുമായി അവര്‍ക്ക് വിശദീകരിക്കേണ്ടി വന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുളസീധരന്‍ നായരുടെ ശരീരത്തില്‍ ഇപ്പോഴും ജീവന്റെ തുടിപ്പുണ്ട്. തുളസീധരന്‍ നായരുടെ മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് പ്രശ്നമായത് എന്ന് ബന്ധുക്കള്‍ പറയുന്നു. തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ മരണ വര്‍ത്ത നല്‍കി. ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.
പത്രത്തില്‍ ചരമ വാര്‍ത്ത നല്‍കിയതിന് ഒപ്പം മൃതദേഹം വീട്ടിലേക്ക് എത്തിക്കാനുളള കണക്കു കൂട്ടലില്‍ പന്തലും ട്യൂബ് ലൈറുമെല്ലാം വീട്ടില്‍ സ്ഥാപിച്ചു. തുളസീധരന്‍ നായരുടെ ഫോട്ടോ പതിച്ച് പോസ്റ്ററുകള്‍ വീടിന് മുന്‍പിലും, ജംങ്ഷനിലും വച്ചു. വീട്ടിലെ ഒരുക്കങ്ങള്‍ കണ്ട് നാട്ടുകാര്‍ രാത്രി വീടിന് മുന്നില്‍ കൂട്ടം കൂടിയെത്തി. എന്നാല്‍ മൃതദേഹം രാവിലെ ആയിട്ടും എത്തിയില്ല.
വീട്ടിലെ പന്തലും പോസ്റ്ററുകളുമെല്ലാം ഇതോടെ ബന്ധുക്കള്‍ മാറ്റി. ഇപ്പോഴും ശുഭവാര്‍ത്തയല്ല ഇവരെ തേടി എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച മഹേശ്വരി അമ്മാളിന്റെ കൈയ്ക്ക് പരിക്ക് പറ്റി. ഭാര്യയെ മക്കള്‍ക്കൊപ്പം ആശുപത്രിയിലാക്കാന്‍ പോയതാണ് തുളസീധരന്‍ നായര്‍. ഭാര്യക്കൊപ്പം ആശുപത്രിയില്‍ സംസാരിച്ച് ഇരിക്കവെ പെട്ടന്നെ് തുളസീധരന്‍ നായരുടെ കണ്ണുകള്‍ അടഞ്ഞു. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.