KeralaNews

ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം; കൊച്ചിയിലെത്തിയത് പണം വാങ്ങാന്‍

കൊച്ചി: കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത് കൊല്ലം സ്വദേശിയുടെ മൃതദേഹം. കൊല്ലം ഇളമാട് ഇടത്തറപ്പണ രേവതി ഹൗസില്‍ ദിവാകരന്‍ നായരെ (65) റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരിമുകള്‍ഇന്‍ഫോപാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്ത് കെഎസ്ഇബിയുടെ പ്ലോട്ടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ശനി രാവിലെ ഒന്‍പതിന് ദീര്‍ഘനാളായി കിട്ടാനുണ്ടായിരുന്ന പണം വാങ്ങാനെന്ന് പറഞ്ഞ് ദിവാകരന്‍ തന്റെ കാറില്‍ കൊച്ചിയില്‍ എത്തിയത്. വാഹനം തകരാറിലായെന്നും ഇതു ശരിയാക്കുന്നതിനു താമസം ഉള്ളതിനാല്‍ മുറിയെടുത്തു താമസിക്കുകയാണെന്നും പറഞ്ഞു വൈകിട്ടോടെ ബന്ധുക്കളെ വിളിച്ചതായും പറയുന്നു.

കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. ശരീരത്തില്‍ നിന്നു രക്തം വന്ന നിലയിലാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ചെരിപ്പ് ഇല്ലാത്ത നിലയിലായിരുന്നു. ഫോണ്‍, പഴ്‌സ് എന്നിവ കണ്ടെത്താനായിട്ടില്ല. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്‍ഫോപാര്‍ക്ക് പോലീസില്‍ വിവരം അറിയിച്ചത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. ഇളമാട് രാജീവ്ഗാന്ധി റസിഡന്റ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അംഗം, ഐഎന്‍ടിയുസി ഇളമാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button