ലക്ഷങ്ങളുടെ പ്രാര്‍ത്ഥന വിഫലമായി; കാണാതായ ദേവനന്ദയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് കണ്ടെത്തി
കൊല്ലം: കേരളക്കരയുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായില്ല, ഇളവൂരില്‍ കാണാതായ ആറുവയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തി. പോലീസിന്റെ മുങ്ങല്‍ വിദഗ്ധരാണ് വെള്ളിയാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്.
ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ് കുമാറിന്റെ ആറുവയസുള്ള മകള്‍ പൊന്നു എന്നു വിളിക്കുന്ന ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതായത്. കുടവട്ടൂര്‍ വാക്കനാട് സരസ്വതീ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
കഴിഞ്ഞ 20 മണിക്കൂറായി ദേവനന്ദയ്ക്കായി പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിവരികയായിരുന്നു. കുട്ടിക്കായി സംസ്ഥാന അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. അമ്മ വീടിന്‍െ പുറകുവശത്ത് തുണി അലക്കിയശേഷം തിരികെ വന്നപ്പോഴാണ് മകളെ കാണാനില്ലെന്ന വിവരം അറിയുന്നത്.