ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ ദുരൂഹത
കോട്ടയം: ആര്‍പ്പൂക്കര മണിയാപറമ്പിന് സമീപം ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആര്‍പ്പൂക്കര മണിയാപറമ്പ് റോഡില്‍ സൂര്യാക്കവലയ്ക്ക് സമീപം ബക്കറ്റില്‍ക്കെട്ടിയ നിലയില്‍ മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ബക്കറ്റിനുള്ളില്‍ മൃതദേഹത്തിന്റെ തലയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ തടിച്ചു കൂടി. തുടര്‍ന്ന് വിവരം ഗാന്ധിനഗര്‍ പോലീസ് അറിയിച്ചു. തുടര്‍ന്നു പോലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിനുള്ളില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ബക്കറ്റിനുള്ളിലുള്ളതെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജ് ആശുപത്രിയോ, മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ നിന്നോ അവശിഷ്ടങ്ങള്‍ ബക്കറ്റില്‍ക്കെട്ടി ഇവിടെ തള്ളിയതാണെന്നാണ് സംശയിക്കുന്നത്. രാത്രിയില്‍ വെള്ളത്തിലേയ്ക്ക് വലിച്ചെറിയാന്‍ കൊണ്ടു വന്ന സാധനങ്ങള്‍ റോഡില്‍ നിന്നും എറിഞ്ഞപ്പോള്‍ റോഡരികില്‍ വീണതാവാമെന്നാണ് സംശയിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താന്‍ കഴിയുമെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.