KeralaNews

ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം ചടങ്ങിനിടെ തിരികെ വാങ്ങി പോസ്റ്റ്മോർട്ടം, മന്ത്രി റിപ്പോർട്ട് തേടി

തൃശൂർ: ഖബറടക്കത്തിന് വിട്ടുകൊടുത്ത മൃതദേഹം മെഡിക്കൽ കോളേജ് അധികൃതർ തിരിച്ചുവാങ്ങിയ സംഭവം പോസ്റ്റ്‌മോർട്ടം നടത്താതിരുന്നതിനാൽ ആണെന്ന് തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി പട്ടിശേരി വളപ്പിൽ യൂസഫിൻറെ (46) മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരിച്ചെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.

മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബന്ധുക്കൾ മൃതശരീരം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ വാങ്ങിയത്.

ഇന്നലെയാണ് യൂസഫിന്റെ മരണം സംഭവിച്ചത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്‌മോർട്ടം നടപടികൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തിയില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെട്ടു.

യൂസഫിന്റെ ഖബറടക്കത്തിനുള്ള ഒരുക്കത്തിലായിരുന്നു ബന്ധുക്കളപ്പോൾ. ജനപ്രതിനിധികൾ ഇടപെട്ടതോടെ ബന്ധുക്കൾ മൃതദേഹം വിട്ടുനൽകുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ നിന്ന് ഒരു സംഘമെത്തി മൃതദേഹം തിരികെ കൊണ്ടുപോയത്. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. ഇതിന് പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടങ്ങിയ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴവ് വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും.

ഇക്കഴിഞ്ഞ ജൂൺ എട്ടിന് രാത്രി വടക്കാഞ്ചേരി കാഞ്ഞിരക്കോട് എ എച്ച് റീജൻസിക്ക് സമീപത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു യൂസഫിന് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ യൂസഫിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പ്രതാപ് സോമസുന്ദരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ തെളിവെടുപ്പ് നടത്തും. അപകടത്തിൽ പരിക്കേറ്റ യൂസഫ് ഓർത്തോ വിഭാഗത്തിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker