
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. രണ്ടുപേരെ ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം അമ്മയും താമസിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണിൽ കിട്ടാതായതോടെ ഓഫീസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീടിനകത്തുനിന്ന് വമിക്കുന്നുണ്ടായിരുന്നു.
ഇവർ നടത്തിയ പരിശോധനയിലാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മനീഷിന്റെയും ശാലിനിയുടേയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ ഇക്കാര്യം തൃക്കാക്കര പോലീസിൽ അറിയിച്ചു.
മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.