ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയ പൊടി പൊട്ടാസ്യം സയനൈഡ് തന്നെ; പരിശോധനാ ഫലം പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിന്റെ രഹസ്യ അറയില്‍നിന്ന് ബുധനാഴ്ച പോലീസ് കണ്ടെടുത്ത പൊടി പൊട്ടാസ്യം സയനൈഡ് തന്നെയാണെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന് കണ്ടെത്തിയത് സയനൈഡ് തന്നെയാന്നെന്ന് ഉറപ്പുവരുത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അടിയന്തിര ലാബ് പരിശോധന.
ബുധനാഴ്ചയാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിലെ രഹസ്യ അറയില്‍ നിന്ന് പൊടി കണ്ടെത്തിയത്. കാറിന്റെ രഹസ്യ അറയില്‍ പേഴ്‌സില്‍ നിരവധി കവറുകള്‍ക്കുള്ളിലായാണ് ഈ വിഷവസ്തു സൂക്ഷിച്ചിരുന്നത്. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് കാറിനുള്ളില്‍ വെച്ചാണ് നടത്തിയത് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.