കോട്ടയം: ഗ്രൂപ്പുവഴക്കിനേത്തുടര്‍ന്ന് പ്രസ്റ്റീജ് സീറ്റായ പാലാ നഷ്ടപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോസ് ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നു.ജോസ് കെ മാണിയും പി.ജെ.ജോസഫും തമ്മിലുള്ള വാക്ക്‌പോരിന് അകമ്പടിയായി സൈബര്‍ യുദ്ധമാണ് കൊഴുക്കുന്നത്.
ജോസഫ് ഗ്രൂപ്പിലെ ചര്‍ച്ചകളെന്ന പേരില്‍ വാട്‌സ് ആപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ജോസ് അനുകൂല ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചുതുടങ്ങിയതോടെയാണ് തുടക്കം.ജോസഫ് പക്ഷം നേതാവായ കൊട്ടാരക്കര പൊന്നച്ചനടക്കം അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കുന്ന ഗ്രൂപ്പുസംഭാഷണം എന്ന രീതിയിലായിരുന്നു സ്‌ക്രീന്‍ഷോട്ടുകള്‍.മോന്‍സ് ജോസഫ് എം.എല്‍.എയെ ഒതുക്കണമെന്നും ജോസഫിന്റെ മകന്‍ അപുവിനെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്നും പരാമര്‍ശങ്ങളുണ്ടായിരുന്നു.
എന്നാല്‍ ജോസ് കെ മാണി വിഭാഗം പ്രചരിപ്പിയ്ക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്നാണ് ജോസഫ് പക്ഷത്തിന്റെ ആരോപണം.നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം കൊട്ടാരക്കര പൊന്നച്ചന്‍ ഡി ജി പിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പോലീസ് സൈബര്‍ വിഭാഗം അധികൃതര്‍ക്കും പരാതി നല്‍കി.
വാട്ട്‌സാപ്പില്‍ ഫേക്ക് ഐഡികള്‍ ഉണ്ടാക്കി പരാതിക്കാരന്‍ ചാറ്റ് ചെയ്യുന്ന തരത്തില്‍ നവ മാധ്യമങ്ങളില്‍ ജോസ് വിഭാഗം പ്രചാരണം നടത്തിയാതായാണ് പരാതിയില്‍ പറയുന്നത്.അഡ്വ. കൊട്ടാരക്കര പൊന്നച്ചന്നോടൊപ്പം രാകേഷ് ഇടപ്പുര , ബിനു ലോറന്‍സ് ,ഷാജി അറയ്ക്കല്‍, ജെന്‍സ് നിരപ്പേല്‍ എന്നീ നേതാക്കളും വിവിധ ജില്ലകളില്‍ സൈബര്‍ പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സ്‌ക്രീന്‍ഷോട്ടുകളുടെയും സന്ദേശങ്ങളുടെയും ആധികാരികത പരിശോധിയ്ക്കുന്നതിനായി ഇവ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പുകളും പോസ്റ്റ് ചെയ്ത ഫോണുകളും പരിശോധിയ്ക്കുമെന്നാണ് സൂചന.